ജയ്‌സ്വാളിന് സെഞ്ചുറി; കലാശക്കൊട്ടില്‍ ഇന്ത്യക്ക് ആധികാരിക ജയം, പരമ്പര


 വിശാഖപട്ടണം | ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിയുടെ ആഘാതത്തില്‍നിന്ന് ഉയർത്തെഴുന്നേറ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കൈവശപ്പെടുത്തി ഇന്ത്യ. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പ്രോട്ടീസിനെ ഒമ്പത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ ഏകദിന സെഞ്ചുറി നേട്ടത്തോടെ യശ്വസ്വി ജയ്‌സ്വാളും അര്‍ദ്ധ സെഞ്ചുറികളോടെ രോഹിതും കോലിയും ബാറ്റുമായി നിലയുറപ്പിച്ചപ്പോള്‍ 271 എന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 

61 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. 121 പന്തില്‍നിന്ന് 116 റണ്‍സടിച്ച ജയ്‌സ്വാളും 45 പന്തില്‍നിന്ന് 65 നേടിയ കോലിയും പുറത്താകാതെ നിന്നപ്പോള്‍ 75 റണ്‍സെടുത്ത രോഹിത് ശര്‍മ്മ 20,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ, 270 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയതില്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ്.


നീണ്ട ഇടവേളയ്ക്ക് ശേഷം പതിവിന് വിപരീതമായി ഇത്തവണ ടോസും ഇന്ത്യയെ തുണച്ചിരുന്നു.


തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങളിലെ ടോസ് നഷ്ടത്തിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന് അനുകൂലമായി ടോസ് വീഴുന്നത്. ടോസ് നേടിയ കെ.എല്‍.രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.


ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ (106) ബലത്തിലാണ് പ്രോട്ടീസ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 46 എടുത്ത ക്യാപ്റ്റന്‍ ബാവുമയും ചെറുത്ത്നില്‍പ്പ് നടത്തി. 47.5 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിതും ജയ്‌സ്വാളും സൂക്ഷമതയോടെയാണ് ബാറ്റേന്തിയത്.

Post a Comment

Thanks

Previous Post Next Post