മദ്യവും പുകയിലയും ചേർന്നാൽ മരണം ഉറപ്പ്; ഇന്ത്യയിലെ വായിലെ കാൻസർ കേസുകളിൽ 62% വും ഈ മാരക കൂട്ടുകെട്ട് മൂലമെന്ന് പഠനം


കോഴിക്കോട്: ഇന്ത്യക്കാരെകാർന്നുതിന്നുന്ന വായിലെ കാൻസറിന് പിന്നിലെ പ്രധാന വില്ലന്മാർ മദ്യവുംപുകയിലയുമാണെന്ന് പഠന റിപ്പോർട്ട്. ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ കാൻസർ എപ്പിഡെമിയോളജി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ . ബി.എം.ജെ ഗ്ലോബൽ ഹെൽത്ത് (BMJ Global Health) ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


രാജ്യത്തെ പത്തിൽ ആറ് പേർക്കും വായയിലെ കാൻസർ പിടിപെടുന്നത് മദ്യപാനത്തോടൊപ്പം ഗുഡ്ക, ഖൈനി, പാൻ തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമാണെന്ന് പഠനം വ്യക്തമാക്കുന്നു. മദ്യം ചെറിയ അളവിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന ധാരണയെ തിരുത്തികുറിക്കുന്നതാണ് ഈ പുതിയ പഠനം.


ദിവസവും രണ്ട് ഗ്രാമിൽ താഴെ ബിയർ കുടിക്കുന്നത് പോലും വായിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. പ്രതിദിനം 9 ഗ്രാം മദ്യം (ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്) ഉപയോഗിക്കുന്നവരിൽ രോഗസാധ്യത 50 ശതമാനത്തോളം വർദ്ധിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.


ഇന്ത്യയിലെ ആരോഗ്യരംഗത്ത് വായിലെ കാൻസർ വലിയൊരു ഭീഷണിയായി തുടരുകയാണ്. രാജ്യത്ത് പ്രതിവർഷം ഏകദേശം 1,43,759 പുതിയ കേസുകളും 79,979 മരണങ്ങളും ഇത് മൂലം സംഭവിക്കുന്നുണ്ട്. രോഗബാധിതരിൽ പകുതിയോളം (46%) പേർ 25 മുതൽ 45 വരെ പ്രായമുള്ള യുവാക്കളാണെന്നത് പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.


മേഘാലയ, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യം മൂലമുള്ള കാൻസർ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മദ്യത്തിന്റെയും പുകയിലയുടെയും സംയുക്ത ഉപയോഗം ഒഴിവാക്കിയാൽ രാജ്യത്തെ വായയിലെ കാൻസർ കേസുകളിൽ വലിയൊരു ശതമാനവും കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം അടിവരയിടുന്നു.

Post a Comment

Thanks

أحدث أقدم