വേനൽമഴയ്ക്കൊപ്പം ആലിപ്പഴം വീഴുന്നത് സാധാരണമാണെങ്കിലും, തെളിഞ്ഞ ആകാശത്തുനിന്ന് കൂറ്റൻ ഐസ് കട്ട വീണ അപൂർവമായ സംഭവമാണ് കാളികാവ് മമ്പാട്ടുമൂലയിൽ അരങ്ങേറിയത്. രാത്രി 8:30-ഓടെയാണ് 50 കിലോയോളം തൂക്കം വരുന്ന ഐസ് കട്ട ഓട്ടോ ഡ്രൈവറായ കൊമ്പൻ ഉമ്മറിൻ്റെ വീടിന് മുകളിൽ പതിച്ചത്. വലിയ ശബ്ദത്തോടെ വീണ ഐസ് കട്ട ചിന്നിച്ചിതറുകയും വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ചെറിയ തോതിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് വന്നപ്പോഴാണ് സംഭവം മനസ്സിലായത്. ആദ്യം ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും മേൽക്കൂരയിൽ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതോടെയാണ് ഐസ് കട്ട വീണതാണെന്ന് സ്ഥിരീകരിച്ചത്.
ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങൾക്ക് മുകളിലേക്കോ ആണ് ഐസ് കട്ട വീണിരുന്നതെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. വൻ ദുരന്തത്തിൽ നിന്ന് ഭാഗ്യംകൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് വീട്ടുകാർ. വിമാനങ്ങളിൽനിന്നുള്ള ഐസ് കട്ടകളാണോ ഇതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
إرسال تعليق
Thanks