പാലക്കാട് | വാളയാർ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) കുടുംബം കേരളത്തിലെത്തി. എസ്‍സി,എസ്‍ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം. നഷ്ടപരിഹാരം ലഭ്യമാകുന്നതു വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. അതുവരെ കുടുംബം കേരളത്തിൽ തുടരുമെന്നും വ്യക്തമാക്കി.
ഡിസംബര്‍ 18-നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. എന്നാൽ ഇയാളുടെ കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാം നാരായൺ ചോരതുപ്പി നിലത്തുവീണു നാലുമണിക്കൂറോളം വഴിയിൽ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് രാം നാരായണനു നേരെയുണ്ടായതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മർദനമേൽക്കാത്തതായി ശരീരത്തിൽ ഒരു ഭാഗവുമില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ചവിട്ടേറ്റു വാരിയെല്ലുകൾ പൊട്ടി. തലയിൽ സാരമായ പരുക്കും ശരീരത്തിൽ ചവിട്ട്, കുത്ത് എന്നിവയുടെ പാടുകളുമുണ്ട്. ആവേശം തീർക്കുന്ന തരത്തിൽ ആളുകൾ മർദിച്ചതു കൊണ്ടാണ് ഇത്തരത്തിൽ ശരീരമാസകലം പരുക്കുണ്ടായത്. ആന്തരിക രക്തസ്രാവമാണു മരണകാരണം. പോസ്റ്റ്മോർട്ടത്തിനു മുൻപ് മൃതദേഹം മുഴുവനായി സ്കാനിങ്ങിന് വിധേയമാക്കിയതിനാൽ ശരീരത്തിലെ പരുക്കുകൾ കൃത്യമായി കണ്ടെത്താനായി. ആൾക്കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ ഏറ്റെടുത്തിരുന്നു.
إرسال تعليق
Thanks