2026-ലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകൾക്കുമായി നാല് ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽഖർ അറിയിച്ചു. പരാതി രഹിതമായ വോട്ടർ പട്ടിക ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് വിവിധ ജില്ലകളുടെ നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യത്തിനാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കെ. ബിജു, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ടിങ്കു ബിസ്വാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഡോ. കെ വാസുകി എന്നിവർക്കാണ് ചുമതല.
അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന നോട്ടീസ് ഘട്ടം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഓ) പരാതികൾ പരിഹരിക്കുന്ന ഘട്ടം, ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഓ) പ്രവർത്തന പകർപ്പ് പരിശോധിക്കുകയും വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടം എന്നിങ്ങനെ നിരീക്ഷകർ തങ്ങളുടെ ചുമതലയിലുള്ള ജില്ലകളിൽ മൂന്ന് ഘട്ടങ്ങളിലായി സന്ദർശനം നടത്തും.
ആദ്യ സന്ദർശന സമയത്ത് എംപിമാർ, എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് ചേർത്ത് അവരുടെ പരാതികൾ കേൾക്കുകയും പുന:പരിശോധനാ നടപടികളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, പൊതുജനങ്ങളുമായി മുൻകൂട്ടി അറിയിച്ച തീയതിയിൽ യോഗങ്ങൾ സംഘടിപ്പിക്കും.
ജില്ലാശരാശരിയെക്കാൾ ഒരു ശതമാനത്തിലധികമോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ മൂന്ന് ശതമാനത്തിലധികമോ പേരുകൾ ഒഴിവാക്കിയതോ ചേർത്തതോ ആയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ഡിഇഒമാർ സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും ഇലക്ടറൽ റോൾ ഒബ്സെർവർമാർ പരിശോധിക്കും. പരാതി രഹിതമായി അർഹതയുള്ള ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടാതെ ന്യൂനതകൾ എല്ലാം പരിഹരിച്ചുകൊണ്ടുള്ള വോട്ടർപട്ടിക പുതുക്കൽ സാധ്യമാക്കാൻ ഉള്ള എല്ലാ നടപടികളും എല്ലാ തലത്തിലും സ്വീകരിച്ചു വരികയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
إرسال تعليق
Thanks