വധു മേക്കപ്പിട്ട് വരാന്‍ വൈകി; വരന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ തമ്മില്‍ പൂര തല്ല്; അതിഥികള്‍ ഇറങ്ങിയോടി



വധു മേക്കപ്പിട്ട് വരാൻ വൈകിയതിനെച്ചൊല്ലിയുള്ള തർക്കം കൂട്ട തല്ലിൽ കലാശിച്ചു. വധു എത്താൻ വൈകുന്നത് ചോദ്യം ചെയ്‌തതിലാണ് തുടക്കം. പിന്നെ വിവാഹ വേദിയിൽ കണ്ടത് വടികളും അടുപ്പ് കത്തിക്കാനുള്ള വിറകുമൊക്കെ എടുത്തുള്ള പൂര തല്ലാണ്. നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദി അലങ്കോലമാവുകയും ചെയ്‌. ആഗ്രയിലെ ലാൽ പ്യാർ കി ധർമ്മശാലയിലാണ് സംഭവം.


വരന്റെ കുടുംബം എത്തുന്നതുവരെ എല്ലാം സുഗമമായിട്ടാണ് നടന്നത്. എന്നാൽ മേക്കപ്പ് കഴിഞ്ഞ വധു എത്താൻ വൈകിയതോടെ കാര്യങ്ങൾ കൈവിട്ടു. ഒന്നും രണ്ടു പറഞ്ഞ് തുടങ്ങിയ വഴക്ക് അവസാനം കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു‌.


ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ മണ്ഡപത്തിലെ അലങ്കാരങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതോടെ പരിഭ്രാന്തരായ അതിഥികൾ ഹാളിൽ നിന്നും ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഓടുന്നതിനിടെ വീണു പരിക്കേറ്റു

സംഘർഷം അവസാനിപ്പിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനും പ്രദേശവാസികളും സമുദായ നേതാക്കളും ഓടിയെത്തിയെങ്കിലും അതിനുമുമ്പ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഖണ്ഡോളി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.


കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ഒടുവിൽ, നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഇരുപക്ഷവും പരസ്പര ഒത്തുതീർപ്പിന് സമ്മതിച്ചു.


അനുരഞ്ജനത്തിനുശേഷം, വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു, ഒടുവിൽ പരമ്പരാഗത ആചാരങ്ങൾ അനുസരിച്ച് ദമ്പതികൾ വിവാഹിതരായി. നഗരത്തിലെ അറിയപ്പെടുന്ന രത്ന വ്യാപാരിയാണ് വധുവിന്റെ പിതാവ്.

Post a Comment

Thanks

Previous Post Next Post