കളമശേരി എച്ച്‌എംടിയില്‍ അഴുകിയ നിലയില്‍ മൃതദേഹം ; കാണാതായ കോൽക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സംശയം


കൊച്ചി:കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ്മ നഷ്ടപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ കോൽക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.കളമശേരി എച്ച്‌എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സൂരജ് ലാമയുടെ മകനോട് കൊച്ചിയിൽ എത്താൻ പോലീസ് നിർദേശം നല്‍കി.കൊച്ചി വിമാനത്താവളത്തിലെത്തിയശേഷം സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു.പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പോലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു.ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. 

ഇതിന് പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്.ആഗസ്റ്റില്‍ കുവൈറ്റിലുണ്ടായ മദ്യദുരന്തത്തില്‍ ഇന്ത്യക്കാർ ഉള്‍പ്പെടെ 23 പേർ മരിച്ചിരുന്നു.കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയിലായിരുന്നു.

സൂരജ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്.ഒടുവില്‍ ഒക്ടോബർ നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു.സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്ന് തന്നെ കൊച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച്‌ നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇതിനിടെ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് അലഞ്ഞു തിരിയുന്ന ലാമയെ പോലീസ് കണ്ടെത്തി.പിന്നീട് അദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോർപ്പസ് ഹർജിയില്‍ മകൻ ആരോപിചിരുന്നു

Post a Comment

Thanks

Previous Post Next Post