അറസ്റ്റിനുള്ള കാരണം എഴുതിനല്‍കണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നിർബന്ധമാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയില്‍ത്തന്നെ കാരണം എഴുതിനല്‍കണം. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകും എന്നും കോടതി.
മുംബൈയില്‍ ആഡംബരക്കാറിടിച്ച് സ്‌കൂട്ടർയാത്രികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശിവസേനാ നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
2024 ജൂലായ് ഏഴിന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ മിഹിർ ഷായുടെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ നിയമപരമായ നടപടിക്രമം പാലിക്കപ്പെട്ടിരുന്നില്ലെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി അറസ്റ്റിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ മിഹിർ ഷാ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ വിധി.
നേരത്തെ, അറസ്റ്റിനുമുൻപ് കാരണം എഴുതിനല്‍കണമെന്ന നിബന്ധന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (PMLA), സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (UAPA) തുടങ്ങിയ കേസുകളില്‍ മാത്രമാണ് നിർബന്ധമായിരുന്നത്. എന്നാല്‍, ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള മുഴുവൻ കുറ്റങ്ങള്‍ക്കും ഈ വ്യവസ്ഥ നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കുറ്റം ഉടൻ എഴുതിനല്‍കാൻ കഴിയാത്ത സാഹചര്യമാണെങ്കില്‍ കാരണം വാക്കാല്‍ അറിയിക്കാം. എന്നാല്‍, റിമാൻഡ് നടപടികള്‍ക്കായി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും കാരണം എഴുതിനല്‍കണം.
ഭരണഘടനയുടെ 22 (ഒന്ന്) അനുച്ഛേദപ്രകാരം അറസ്റ്റിനുള്ള കാരണം അറിയാനുള്ള വ്യക്തിയുടെ അവകാശം വെറുമൊരു ഔപചാരികത മാത്രമല്ലെന്ന് കോടതി പറഞ്ഞു. ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ്.
അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. അതുവഴി ഭരണഘടനയുടെ 21-ാം അനുച്ഛേദം നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാകും. ഈ വിധി രാജ്യത്തെ ക്രിമിനല്‍ നിയമനടപടികളില്‍ സുതാര്യതയും പൗരാവകാശ സംരക്ഷണവും ഉറപ്പാക്കുന്നതില്‍ നിർണ്ണായകമാകും.
Post a Comment
Thanks