വിദ്യാര്‍ഥി കണ്‍സെഷൻ ഇനി ഓണ്‍ലൈനില്‍; സ്വകാര്യ ബസുകളിലെ തര്‍ക്കങ്ങള്‍ ഒഴിവാകും


കെഎസ്‌ആർടിസി ബസുകള്‍ക്ക് പുറമെ ഇനി സ്വകാര്യ ബസുകളിലും വിദ്യാർഥികള്‍ക്കുള്ള യാത്രാസൗജന്യം ഓണ്‍ലൈൻ വഴി ലഭ്യമാകും.


മോട്ടോർവാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് ബസുകളില്‍ നിലനില്‍ക്കുന്ന തർക്കങ്ങള്‍ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം. പഠനാവശ്യങ്ങള്‍ക്കായി മാത്രമായി വിദ്യാർഥികളുടെ യാത്രകള്‍ നിയന്ത്രിക്കാൻ പുതിയ സംവിധാനം വഴി കഴിയും.


കണ്‍സെഷൻ ആവശ്യമുള്ള വിദ്യാർഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. വിദ്യാർഥിക്ക് യാത്ര ചെയ്യേണ്ട പാത വ്യക്തമാക്കിക്കൊണ്ട് വിദ്യാലയ അധികൃതർ കണ്‍സെഷന് ശുപാർശ നല്‍കണം. ഈ ശുപാർശ പരിശോധിച്ച ശേഷം, അതത് പ്രദേശത്തെ മോട്ടോർവാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷൻ അനുവദിക്കും.


അനുമതി ലഭിക്കുന്നതോടെ, ക്യുആർ കോഡുള്ള കണ്‍സെഷൻ കാർഡ് ഓണ്‍ലൈനില്‍ ലഭ്യമാകും. ഇതിന്റെ പ്രിന്റ് എടുക്കാനും സാധിക്കും. കണ്ടക്ടറുടെ മൊബൈല്‍ ഫോണില്‍ ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോള്‍, ഏത് പാതയിലാണ് ടിക്കറ്റ് നല്‍കേണ്ടതെന്ന് കൃത്യമായി അറിയാൻ കഴിയും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാർഥികള്‍ക്ക് ആപ്പിലുള്ള ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ചാല്‍ മതിയാകും.

Post a Comment

Thanks

أحدث أقدم