തദ്ദേശ തിരഞ്ഞെടുപ്പിൽ 'ജെൻസി' വിപ്ലവം: പാർട്ടി സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്ക് പ്രാമുഖ്യം; രണ്ടാംനിര നേതാക്കൾക്ക് മുറുമുറുപ്പ്.


മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിൽ യുവതലമുറയ്ക്ക് മുൻഗണന നൽകുന്ന 'ജെൻസി' മാറ്റം ശ്രദ്ധേയമാകുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് അടക്കം പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള ഈ തലമുറ മാറ്റം, ദീർഘകാലം രാഷ്ട്രീയക്കുപ്പായമിട്ട് നടന്ന രണ്ടാംകിട നേതാക്കൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.


അധികാര രാഷ്ട്രീയത്തിൽ മുതിർന്ന നേതാക്കൾക്ക് ഇളവുകൾ ലഭിക്കുമ്പോൾ, താഴെത്തട്ടിലെ നേതാക്കൾ അവഗണിക്കപ്പെടുന്നുവെന്നാണ് പ്രധാന വിമർശനം..


മുസ്‍ലിം ലീഗാണ് 'മൂന്ന് ടേം വ്യവസ്ഥ' കൊണ്ടുവന്ന് തദ്ദേശ സ്ഥാപനങ്ങളിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ തുടങ്ങിയത്. സി.പി.എമ്മും കോൺഗ്രസ്സും ഈ മാറ്റം ഉൾക്കൊണ്ടതോടെ സ്ഥാനാർഥിപ്പട്ടികയിൽ നല്ലൊരു ശതമാനം സീറ്റുകളിലും യുവജന-വിദ്യാർഥി നേതാക്കൾ കയറിക്കൂടി..


മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ്, എൽ.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയിൽ ഈ മാറ്റം വ്യക്തമാണ്. കോൺഗ്രസ്സിന്റെ പത്ത് സ്ഥാനാർഥികളിൽ ഏഴും പുതുമുഖങ്ങളാണ്; ഇതിൽ 22-കാരി ഉൾപ്പെടെ പകുതിയും യുവാക്കളാണ്. മുസ്‍ലിം ലീഗ് പട്ടികയിൽ 23-ൽ 19 പേരും പുതുമുഖങ്ങളാണ്. ഇവരിൽ പകുതിയും യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കളാണ്. എൽ.ഡി.എഫിൽ പത്ത് പേരും യുവജന-വിദ്യാർഥി സംഘടനാ നേതാക്കളാണ്..


മുതിർന്ന നേതാക്കൾ പുറത്തായതോടെ പാർട്ടികൾക്കകത്ത് വിമർശമുയർന്നിട്ടുണ്ട്. ഇതോടെ മുസ്‍ലിം ലീഗ് മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ തയ്യാറെടുക്കുന്നതായി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. വളരെ നേരത്തെ രംഗത്തുവന്ന് മൂന്ന് തവണ പൂർത്തിയാക്കിയ ജനകീയരായ ചെറുപ്പക്കാരെ കൂടി പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു..


അതേസമയം, അതിരുകടന്ന പുതുമുഖ പരീക്ഷണം ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്ന വിമർശവും ഉയരുന്നുണ്ട്. പരിചയസമ്പന്നർ ഭരണരംഗത്തില്ലാത്തത് തദ്ദേശ ഭരണം തകിടംമറിയാൻ കാരണമാകും എന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്..


എന്നാൽ, രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ മാറ്റമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.


രാഷ്ട്രീയം തൊഴിലായി മാറുമ്പോൾ അധികാര രാഷ്ട്രീയത്തിന്റെ പിന്നാലെ പോവുകയും ജനപ്രതിനിധികളിലെ സാമൂഹിക പ്രതിബദ്ധത ഇല്ലാതാവുകയും ചെയ്യുന്നു. ഈയവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കൂടി യുവതലമുറമാറ്റത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.


Post a Comment

Thanks

Previous Post Next Post