കോട്ടയ്ക്കൽ: എടരിക്കോട് പഞ്ചായത്തിലെ നാല് വാർഡുകളിലെ റോഡുകൾ കഴിഞ്ഞ രണ്ടുവർഷമായി പൊളിഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒപ്പുശേഖരണം നടത്തി. "പൊളിഞ്ഞുകിടക്കുന്ന റോഡുകൾ നന്നാക്കാതെ വോട്ടില്ല" എന്ന മുദ്രാവാക്യമുയർത്തിയാണ് എട്ട്, ഒൻപത്, 10, 12 വാർഡുകളിലെ ജനങ്ങൾ പ്രക്ഷോഭത്തിന് തുടക്കമിട്ടത്.
പ്രദേശത്തെ പ്രധാന റോഡായ കുട്ടാട്ടുപാറ-പറമ്പിലങ്ങാടി റോഡ് ഉൾപ്പെടെയുള്ളവയുടെ ശോചനീയാവസ്ഥ കാരണം ജനങ്ങൾക്ക് കോട്ടയ്ക്കലിലേക്ക് എത്തിച്ചേരാനുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. റോഡിലെ കുഴികൾ കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയുണ്ട്. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഒപ്പുശേഖരണവുമായി നാട്ടുകാർ മുന്നോട്ട് വന്നത്.
ഇസ്ഹാഖ് ചക്കാല, ഇബ്രാഹിം കുന്നത്ത്, റഫീഖ് കണ്ണാടൻ, കെ.കെ. ഫൈസൽ, ടി. ദാവൂദ്, അർഷദ് പതിയിൽ, റാഫി പതിയിൽ തുടങ്ങിയവരാണ് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് എത്രയും പെട്ടെന്ന് റോഡുകൾ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
Thanks