ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി; വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി


ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.


ദുല്‍ഖര്‍ ഇതിനായി കസ്റ്റംസിന് അപേക്ഷ നല്‍കണം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അപേക്ഷ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് നിർദേശം. അപേക്ഷ തള്ളുകയാണെങ്കില്‍ അതിന് കൃത്യമായ കാരണം വേണം. അപേക്ഷ കസ്റ്റംസ് തള്ളിയാല്‍ ദുല്‍ഖറിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.

വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി നിയമവിരുദ്ധമാണെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. റെഡ് ക്രോസ് ഇറക്കുമതി ചെയ്ത വാഹനമാണ് താന്‍ വാങ്ങിയതെന്നും നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും ദുല്‍ഖര്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. വാഹനം വിട്ടുനല്‍കിയാല്‍ കോടതി നിശ്ചയിക്കുന്ന തുക ബോണ്ടായി കെട്ടിവക്കാമെന്നും ദുല്‍ഖര്‍ വാദത്തിനിടെ അറിയിച്ചു.


വാഹനം വിദേശത്തുനിന്ന് കടത്തിയതാണെന്നും വിട്ടുനല്‍കരുതെന്നും കസ്റ്റംസ് വാദിച്ചു. നിയമ വിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നും കസ്റ്റംസ് നിലപാട് എടുത്തു. എന്നാല്‍, രേഖകള്‍ വ്യാജമാണോ എന്ന ചോദ്യത്തിന് കസ്റ്റംസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും രേഖകള്‍ പരിശോധിച്ചു വരുകയാണെന്നും കസ്റ്റംസ് അറിയിച്ചതോടെ കോടതി കടുത്ത വിമര്‍ശനത്തിലേക്ക് കടന്നു.


രേഖകള്‍ പരിശോധിക്കാതെയാണോ വാഹനം പിടിച്ചെടുത്തത് എന്ന് കസ്റ്റംസിനോട് കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ വ്യാജമാണെന്ന് കസ്റ്റംസ് തെളിയിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തെളിവില്ലാതെ വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്നാണ് കസ്റ്റംസിന് കർശന നിര്‍ദേശം നല്‍കുന്ന ഇടക്കാല ഉത്തരവ് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ചത്.

Post a Comment

Thanks

أحدث أقدم