കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിക്ക് നേരെ ക്രൂര മർദനം; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിൽ


  തൃശൂര്‍: തൃശൂര്‍ വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയും മുറിക്കുകയും ചെയ്ത് സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായത്. കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശനെ (44) ക്രൂരമായി ആക്രമിച്ച സംഭവത്തിലാണ് പ്രതികളെ തൃശൂര്‍ കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്‍റെ ഉടമസ്ഥരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയ സംഭവത്തിൽ പോലീസ് പിടികൂടിയ സുദർശൻ കൊച്ചി സെന്‍ട്രൽ പോലീസായിരുന്നു അഗതി മന്ദിരത്തിൽ എത്തിച്ചിരുന്നത്. ഇവിടെ വെച്ച് സുദര്‍ശൻ അക്രമം കാട്ടുകയും പ്രതികൾ ഇയാളെ മർദനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് വിവരം. അവശനിലയിലായ സുദര്‍ശനെ അഗതി മന്ദിരത്തിന്‍റെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു. വഴിയിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് സുദർശൻ കണ്ടെത്തുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. മാത്രമല്ല അക്രമികൾ ശരീരത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്. സംഭവത്തിൽ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയിൽ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശൻ. ഇയാളുടെ പേരിൽ 11 കേസുകൾ വേറെയുമുണ്ട്.


Post a Comment

Thanks

أحدث أقدم