തിരൂരങ്ങാടി: വിദ്യാലയ പരിസരങ്ങളിൽ വിദ്യാർത്ഥികൾ നിർത്തിയിടുന്ന സൈക്കിളുകൾ മോഷണം പോവുന്നത് പതിവാകുന്നു. സ്കൂളുകളിലേക്ക് സൈക്കിളിൽ വരുന്ന പല വിദ്യാർത്ഥികളും സ്കൂൾ പരിസരങ്ങളിലെ വീടുകളിലോ റോഡ് സൈഡുകളിലോ ലോക്ക് ചെയ്താണ് സൈക്കിളുകൾ നിർത്തിയിടാറ്. ലോക്കുകൾ പൊട്ടിച്ചാണ് മോഷ്ടാക്കൾ സൈക്കിൾ മോഷണം നടത്തുന്നത്.
എട്ടായിരം മുതൽ പതിനയ്യായിരം വരെ വിലയുള്ള സൈക്കിളുകളാണ് അധിക പേരും ഉപയോഗിക്കുന്നത് . എന്നാൽ ഗിയർ സിസ്റ്റമുള്ള സൈക്കിളുകൾക്ക് അതിലും കൂടുതൽ വിലയുണ്ട്. പല സ്കൂളുകളിലും സ്കൂൾ കോമ്പൗണ്ടുകളിൽ സൈക്കിൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തത് കൊണ്ടും ചില സ്കൂളുകളിൽ അധികൃതർ വിലക്കുന്നത് കൊണ്ടുമാണ് വിദ്യാർത്ഥികൾ റോഡ് സൈഡിലും വീട് പരിസരങ്ങളിലും സൈക്കിൾ പാർക്ക് ചെയ്ത് പോവുന്നത്. വീതി കുറഞ്ഞ റോഡ് സൈഡുകളിൽ സൈക്കിൾ പാർക്ക് ചെയ്യുന്നത് മൂലം പല സമയങ്ങളിലും ഗതാഗത തടസ്സവും കാൽ നടയാത്രക്കാർക്ക് പ്രയാസവും അനുഭവപ്പെടുകയും ചെയ്യുന്നുമുണ്ട്.
കഴിഞ്ഞ ദിവസം മൂന്നിയൂർ കുന്നത്ത് പറമ്പ് യു.പി.സ്കൂൾ പരിസരത്ത് നിന്ന് ഒരു വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയെങ്കിലും തിരച്ചിൽ ഊർജ്ജിതമായെന്നറിഞ്ഞ മോഷ്ടാവ് വഴിയരികിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സമീപ സ്ഥലത്തെ സി.സി.ടി.വി.യിൽ മോഷണ ദൃശ്യം ലഭിച്ചെങ്കിലും വ്യക്തത കുറവായത് കാരണം മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്ന് മൂന്നിയൂർ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ വില പിടിപ്പുള്ള സൈക്കിൾ മോഷണം പോയി. വിദ്യാലയ അധികൃതർ തന്നെ സൈക്കിൾ പാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ചെയ്ത് കൊടുക്കുകയാണെങ്കിൽ സൈക്കിൾ മോഷണം പോവുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks