കടലുണ്ടി | വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ചു കടലുണ്ടി വാവുത്സവം സമാപിച്ചു. ഭഗവതിയുടെ ആജ്ഞ അനുസരിക്കാതെ നടന്ന മകൻ ജാതവനെ ആചാരപ്രകാരം മണ്ണൂരിലെ കോട്ടയിലേക്ക് തിരിച്ചയച്ചതോടെയാണ് പ്രധാന ചടങ്ങുകൾ അവസാനിച്ചത്. ദേവിയുടെയും ജാതവന്റെയും സംഗമവും എഴുന്നള്ളിപ്പും ദർശിക്കാൻ വാക്കടവ് ആറാട്ടുകടവിൽ അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ടു. 2 ദിവസമായി ഊരു ചുറ്റാൻ ഇറങ്ങിയ ജാതവൻ പുലർച്ചെ വാക്കടവിൽ എത്തി ദേവിയെ കണ്ടുമുട്ടി. നീരാട്ടിനു ശേഷം ജാതവൻ ഭഗവതിയെ 3 തവണ വലം വച്ചു. അമ്മയെ ദർശിച്ച് സായൂജ്യമടഞ്ഞ മകൻ മുൻപിലും ദേവി പിന്നിലും ആയിട്ടായിരുന്നു തിരിച്ചെഴുന്നള്ളത്ത്.
കുന്നത്ത്, അമ്പാളി തറവാട്ടു കാരണവന്മാരും മൂത്ത പെരുവണ്ണാനും എഴുന്നള്ളിപ്പിനു അകമ്പടി സേവിച്ചു.കോഴിക്കോട് ലൈവ്. വാക്കടവിൽ നിന്നുള്ള എഴുന്നള്ളത്ത് രാവിലെ തുടങ്ങിയിരുന്നു. ഉച്ചയോടെ കുന്നത്ത് തറവാട്ടിലേക്ക് എത്തിയ ദേവിയെ ഉപചാരപൂർവം സ്വീകരിച്ചാനയിച്ചു വെള്ളരി നിവേദ്യം അർപ്പിച്ചു. ഇതോടെ തറവാട്ടു വീടിന്റെ മുൻപിലെ പടകളിക്കണ്ടത്തിൽ പ്രധാന ചടങ്ങായ പടകളിത്തല്ല് തുടങ്ങി.
കുന്നത്ത് തറയിലെ പീഠത്തിൽ ഇരുന്ന് പടകളി ആസ്വദിച്ച ദേവി ഉപചാര പൂജകൾ ഏറ്റുവാങ്ങി കറുത്തങ്ങാട്ടേക്ക് എഴുന്നള്ളി. അവിടെ ഒരുക്കിയ വെള്ളരി നിവേദ്യം സ്വീകരിച്ച് വൈകിട്ട് പേടിയാട്ടു കാവിൽ എത്തി. വ്രതനിഷ്ഠരായ പനയംമഠം തറവാട്ടുകാർ ഭഗവതിയെ സ്വീകരിച്ചു.അനുഷ്ഠാന കർമങ്ങൾക്കു ശേഷം കാവിലെ കിഴക്കേ കോട്ടയിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു. ക്ഷേത്രത്തിൽ കയറരുതെന്ന അമ്മയുടെ ആജ്ഞ ശിരസാവഹിച്ചു ദുഃഖിതനായ ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെയാണ് വാവുത്സവം സമാപിച്ചത്.

Post a Comment
Thanks