താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നവംബർ ഒന്നു മുതൽ ജീവൻ രക്ഷാ സമരം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ നാളെ മുതൽ സംസ്ഥാനവ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെ ജി എം ഒഎ അറിയിച്ചു.
തുടർച്ചയായി നൽകപ്പെട്ട ഉറപ്പുകൾ അവഗണിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്. നിരന്തരമായി ഉണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. ഡോ. വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ലെന്നും കെജിഎംഒഎ.
ഈ പശ്ചാത്തലത്തിൽ പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
Post a Comment
Thanks