കൂരിയാട് വൻ കുഴൽപ്പണവേട്ട : ദേശീയ പാത അടിപ്പാതക്കു സമീപം ഒരു കോടിയുമായി യുവാവ് പിടിയിൽ


വേങ്ങര: വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന നടത്തവേ കൂരിയാട് ദേശീയ പാതയിൽ അടിപ്പാതക്കു സമീപം വെച്ച് വരുവായിൽ നിന്നാണ് പണം പിടികൂടിയത്.

സ്കൂ‌ട്ടറിന്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും പിൻഭാഗത്ത് ഡിക്കിയിലുമായി 500, 200 നോട്ടുകെട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. പണമത്രയും ഓണ സമയത്ത് വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉറവിടവും വിതരണത്തെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

ജില്ല പോലീസ് മേധാവി പി വിശ്വനാഥ് ഐ എസിൻ്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ വേങ്ങര ഐപി ആർ രാജേന്ദ്രൻ നായർ, എസ് സി പി ഒ സനൂപ്, സി പി ഒ മാരായ സ്‌മിജു, ലിബിൻ, മലപ്പുറം ഡാൻസ്ഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയേയും പിടിച്ചെടുത്ത പണവും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും.

ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന കർശനമാക്കിയതായും ഇതിനകം വിവിധകേസുകളിലായി ഏകദേശം 10 കോടിയോളം കുഴൽപ്പണം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു

Post a Comment

Thanks

Previous Post Next Post