സ്‌കൂളിലെ മാറ്റം റീലാക്കാം; സമ്മാനവും നേടാം


പഠിക്കുന്ന സ്‌കൂളും പ്രവർത്തനങ്ങളുമെല്ലാം റീലാക്കാം. സ്വന്തം വിദ്യാലയത്തിന്റെ മികവ്‌ എല്ലാവരിലും എത്തിക്കുന്നതിനൊപ്പം സമ്മാനവും കിട്ടും. സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി കൈറ്റ്- വിക്ടേഴ്സിലേക്ക് പ്രത്യേക റീൽസ് മത്സരം നടത്തും. "എന്റെ സ്കൂൾ എന്റെ അഭിമാനം’ എന്നതാണ് വിഷയം. മികച്ച റീലുകൾക്ക് സംസ്ഥാനതലത്തില്‍ പ്രത്യേക അനുമോദനം നല്‍കും. ഇതിനുപുറമെ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന 100 സ്കൂളുകള്‍ക്ക് 5000 രൂപ ക്യാഷ് അവാർഡ് നല്‍കും.


സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ റീല്‍സിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ആങ്കറിങ്, ഇന്റര്‍വ്യൂകൾ, വീഡിയോയില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങള്‍ തുടങ്ങിയവ കുട്ടികൾതന്നെയാകണം നിർവഹിക്കേണ്ടത്. സ്വന്തം സ്കൂളിനുപുറമെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത സമീപപ്രദേശത്തെ സ്കൂളുകളെയും റീൽസ് എടുക്കുന്നതിന് തെരഞ്ഞെടുക്കാം. ഇതിൽ എൽപി, യുപി സ്കൂളുകൾക്ക് മുൻഗണന നൽകണം.


ഒരു സ്കൂളിനെക്കുറിച്ച് ഒരു മിനിറ്റില്‍ കൂടാത്ത വിധം ഒരു റീൽമാത്രമേ തയ്യാറാക്കാവൂ. രണ്ടാമത് ഒന്നുകൂടി ചെയ്താൽ അത് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്ത മറ്റൊരു സ്കൂളിനെക്കുറിച്ചാകണം. റീല്‍സ് വെർട്ടിക്കലായി വേണം ഷൂട്ട് ചെയ്യാൻ. കൈറ്റ് ജില്ലാ ഓഫീസുകള്‍, കൈറ്റിന്റെ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് ആയിരിക്കണം വീഡിയോയില്‍ ഉപയോഗിക്കേണ്ടത്. റീലുകൾ സ്കൂളിന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്സ് ചാനലിനെ ടാഗ് ചെയ്യണം. (#എന്റെസ്കൂൾഎന്റെഅഭിമാനം , #MySchoolPride #victerseduchannel എന്നീ ഹാഷ്‌ടാഗിൽ വേണം അവരവരുടെ പേജില്‍ പോസ്റ്റ് ചെയ്യാൻ.)


കൈറ്റ് നിയോഗിക്കുന്ന പ്രത്യേക ജൂറിയായിരിക്കും മികച്ച റീലുകൾ തെരഞ്ഞെടുക്കുക. റീല്‍സുകള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ സ്കൂള്‍ പ്രഥമാധ്യാപകര്‍ ഒക്ടോബര്‍ ഒമ്പതിനകം വാട്‌സാപ് നമ്പരില്‍ അയക്കണം.

Post a Comment

Thanks

أحدث أقدم