കോഴിക്കോട് | എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരേ ആരോപണം. അത്തോളി സ്വദേശിനി ആയിഷ റഷ(21)യുടെ മരണത്തിലാണ് ആണ്‍സുഹൃത്തായ ബഷീറുദ്ദീനെതിരേ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബഷീറുദ്ദീനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട്ട് ജിംനേഷ്യത്തില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ ഓണാവധിക്കായാണ് മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയത്. എന്നാല്‍ അത്തോളിയിലെ വീട്ടില്‍ പോയിരുന്നില്ല. ആണ്‍സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ ആയിഷയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് ബന്ധുക്കളുടെ ആരോപണം. ''അവളെ മാനസികമായി പീഡിപ്പിച്ചതിന് സാധ്യതയുണ്ട്. മോര്‍ഫ്‌ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയതാണ്. ബ്ലാക്ക്‌മെയിലിങ്ങാണ്. ക്ലാസ് കട്ട് ചെയ്താല്‍ വീട്ടുകാര്‍ അറിയില്ലേ. അതുകൊണ്ടാണ് അവധിക്കാലം തന്നെ അയാള്‍ തിരഞ്ഞെടുത്തത്. അങ്ങനെയുള്ള ഫോട്ടോകള്‍ കാണിച്ചാല്‍ അവള്‍ അവന്റെ വഴിക്കുവരുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് അയാള്‍ അങ്ങനെചെയ്തത്. മാത്രമല്ല, കുട്ടിക്ക് അതിനെ എതിര്‍ക്കാനുള്ളൊരു കഴിവും ഉണ്ടായില്ല'', ആയിഷയുടെ ബന്ധുവായ മുസ്തഫ പറഞ്ഞു.
മരിക്കുന്നതിന് നാലുമണിക്കൂര്‍ മുന്‍പുവരെ ആയിഷ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് മറ്റൊരു ബന്ധുവായ അനസും 'മാതൃഭൂമി ന്യൂസി'നോട് പ്രതികരിച്ചു. ''മരിക്കുന്നതിന് നാലുമണിക്കൂര്‍ മുന്‍പ് അവള്‍ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈനിലുണ്ടായിരുന്നു. മെസേജുകളും അയച്ചിരുന്നു. അതുവരെ ഒരുപ്രശ്‌നവുമില്ല. ഒരു സുഹൃത്തിനെ വിളിച്ചുചോദിച്ചപ്പോഴും അവള്‍ ഒരിക്കലും അങ്ങനെചെയ്യില്ലെന്നാണ് പറഞ്ഞത്. ഇതിന് പിന്നില്‍ ബഷീറുദ്ദീന്‍ തന്നെയാണെന്നും അവന്റെ സ്വഭാവമൊക്കെ കുറച്ച് മോശമാണെന്നും സുഹൃത്ത് പറഞ്ഞു. അവന്‍ ആയിഷയെ ചിരവകൊണ്ട് അടിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേക്കുറിച്ച് കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മറ്റൊരു കാരണമാണ് അവള്‍ അവരോട് പറഞ്ഞത്'', അനസ് പറഞ്ഞു.
إرسال تعليق
Thanks