കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വരം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. രണ്ട് വർഷം മുമ്ബുവരെ കണ്ടതില്‍ നിന്ന് രോഗത്തിന് വളരെയേറെ മാറ്റം സംഭവിച്ചുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ച് വർഷം മുമ്ബുവരെ കണ്ടിരുന്നത്. എന്നാല്‍, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോള്‍ വ്യാപകമായുള്ളത്.
അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനമായ ജലത്തില്‍ മുങ്ങിക്കുളിക്കുമ്ബോള്‍ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറില്‍ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്. എന്നാല്‍, അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകള്‍ ജലകണികകള്‍ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസുമായുള്ള സമ്ബർക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകള്‍ വഴി രക്തത്തിലേക്ക് കലർന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നത്.
ജലസ്രോതസുകളില്‍ അമീബയുടെ സാന്നിദ്ധ്യം വർദ്ധിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പഠനം നടത്തി ഇതിന്റെ കാരണം കണ്ടെത്തിയില്ലെങ്കില്‍ രോഗവ്യാപനം വർദ്ധിക്കുകയും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. പ്രാഥമികമായി ജലസ്രോതസുകള്‍ മലിനമാക്കാതെ സംരക്ഷിക്കുക എന്നതാണ് ചെയ്യാനാകുന്ന കാര്യം. കോളിഫോം ബാക്‌ടീരിയ കൂടുതലുള്ള ജലത്തില്‍ ഇത്തരം അമീബകളുടെ സാന്നിദ്ധ്യവും കൂടുതലായി കണ്ടുവരുന്നുണ്ട്.
Post a Comment
Thanks