രാത്രിയിൽ ഫാം തകര്‍ത്ത് തെരുവുനായ്ക്കള്‍; നിമിഷനേരം കൊണ്ട് കൊന്നത് ഇരുനൂറിലധികം കോഴികളെ; ബാക്കിയുള്ളവയെ കടിച്ചു മുറിവേല്‍പ്പിച്ചു..!


എടവണ്ണ: എടവണ്ണ തിരുവാലിയില്‍ തെരുവ് നായ്ക്കള്‍ ഫാമില്‍ കയറി കോഴികളെ കടിച്ചുകൊന്നു. കോഴിപ്പറന്പ് തായംങ്കോട് അത്തിത്താറ്റില്‍ മണ്ണൂർക്കര മനോജിന്‍റെ വീടിനോട് ചേർന്നുള്ള കോഴി ഫാമിലാണ് സംഭവം. രാത്രി ഒരു മണിയോടെയാണ് ഇരുനൂറിലധികം കോഴികളെ കടിച്ചുകൊന്നത്. ബാക്കിയുള്ളവയെ കടിച്ചു മുറിവേല്‍പ്പിച്ചിട്ടുണ്ട്. 


ഫാമിന് ചുറ്റിലും കെട്ടിയ ഇരുമ്പുവല പൊളിച്ചാണ് നായ്ക്കള്‍ അകത്തു കയറിയത്. രാത്രി കോഴികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഫാമില്‍ എത്തിയപ്പോള്‍ ഫാമിനുള്ളില്‍ കോഴികളെ കടിച്ചു കൊല്ലുന്ന തെരുവ് നായ്ക്കളെയാണ് മനോജ് കണ്ടത്.


അക്രമാസക്തമായ ഏതാനും നായ്ക്കള്‍ ഫാമിന് പുറത്തും ഓടി നടക്കുന്നുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് നായ്ക്കളെ ഓടിച്ചത്. 


14 വർഷത്തോളമായി കോഴിഫാം നടത്തുന്ന മനോജിന് ഇത് ആദ്യത്തെ അനുഭവമാണ്. 23 ദിവസം പ്രായമായ ഇരുനൂറിലധികം കോഴികളെയാണ് നിമിഷനേരം കൊണ്ട് നായ്ക്കള്‍ കടിച്ചുകൊന്നത്. നിരവധി കോഴികളെ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്.


ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴിവളർത്തലുമായി മുന്നോട്ടു പോകണമെങ്കില്‍ അധികൃതരുടെ ഭാഗത്തുനിന്ന് മനോജിന് സഹായം ലഭ്യമാക്കുകയാണാവശ്യം.


Post a Comment

Thanks

أحدث أقدم
Moonniyur Vartha