മൂന്നിയൂർ വില്ലേജ് വിഭജനം നടത്തണം. റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.

 


തിരൂരങ്ങാടി:എഴുപത്തിയാറായിരത്തി അഞ്ഞൂറിലേറെ  ജനസംഖ്യയുമായി മലപ്പുറം ജില്ലയിൽ  ഏറെ മുന്നിൽ നിൽക്കുന്ന മൂന്നിയൂർ വില്ലേജ് വിഭജനം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ് പി.ആർ.) റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി.2011 ലെ കാനേഷുമാരി കണക്ക് പ്രകാരം 56000 ലേറെ ജനസംഖ്യയുണ്ട്. 2025 ആയപ്പോഴേക്കും 76500 ൽ എത്തി നിൽക്കുന്നു. മൂന്നിയൂർ വില്ലേജിനെ വെളിമുക്ക് വില്ലേജും മൂന്നിയൂർ വില്ലേജുമാരി വിഭജിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്ന് വന്നിട്ടുള്ളതാണ്. വില്ലേജ് വിഭജനം വൈകിയതോടെ പഞ്ചായത്ത് വിഭജനവും മുടങ്ങിയിക്കുകയാണ്. ഇത്രയും ജനസംഖ്യയുള്ള മൂന്നിയൂർ വില്ലേജ് വിഭജിക്കാത്തത് കൊണ്ട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനവും ശരിയാം വണ്ണം നടക്കുന്നില്ല. വില്ലേജിന്റെ വിസ്തൃതിക്കും ജനസംഖ്യക്കുമനുസൃതമായി ആവശ്യത്തിന് ജീവനക്കാരുമല്ല ഇവിടെ. ആകെ അഞ്ച് ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതുമൂലം പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങളും വൈകിയാണ് ലഭിക്കുന്നത്. പൊതു ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി  രാത്രിയിലും  അവധി ദിനങ്ങളിലും ജീവനക്കാർ സ്വന്തം  വീടുകളിൽ ഇരുന്നാണ് പല ജോലികളും ചെയ്ത് കൊടുക്കുന്നത്. മാത്രമല്ല മൂന്നിയൂർ വില്ലേജ് ഓഫീസ് കെട്ടിടം കാലപഴക്കത്താൽ ദ്രവിച്ച് പോയതിനാൽ ചെറിയ മഴ പെയ്താൽ പോലും ചോർച്ച കാരണം ഓഫീസിൽ മഴവെള്ളം നിറയുകയുമാണ്. പല പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കുന്ന വില്ലേജ് ഓഫീസ് സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഓഫീസ് പുതുക്കി പണിയാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും എൻ.എഫ്.പി.ആർ. മന്ത്രിയോട് ആവശ്യപ്പെട്ടു.

നാഷണൽ ഹൈവെ വികസനത്തിന്റെ ഭാഗമായി സ്ഥലമെടുപ്പ് കാരണം തെന്നല വില്ലേജ് ഓഫീസ് അസൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടുകയാണെന്നും ഓഫീസ് റോഡിനോട് വളരെ ചാരയാണെന്നും ഇതുമൂലം വാഹനങ്ങളുടെ  ശബ്ദ ശല്യവും പൊടി ശല്യവും ഓഫീസിനെ ബാധിച്ചിരിക്കുകയാണെന്നും  ഇത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസമാണെന്നും  വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം വില്ലേജിൽ ഉണ്ടെന്നും ഓഫീസ് അടിയന്തിരമായി മാറ്റി സ്ഥപിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും റവന്യൂ മന്ത്രിയോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.

 എൻ.എഫ്.പി.ആർ. ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് , താലൂക്ക് പ്രസിഡണ്ട് അറഫാത്ത് പാറപ്പുറം, ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ ബിന്ദു അച്ചമ്പാട്ട്, നസ്റുദ്ധീൻ തങ്ങൾ പാലത്തിങ്ങൽ, ഷാജി പരപ്പനങ്ങാടി, ഉമ്മു സമീറ തേഞ്ഞിപ്പലം, ഫസ് ല യൂണിവേഴ്സിറ്റി എന്നിവരാണ് മന്ത്രിയെ കണ്ടത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha