ആർസിസിയിൽ നിർധന രോഗികൾക്ക് സൗജന്യ റോബോട്ടിക് സർജറി


നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർസിസി ഡയറക്ടർ ഡോ. രേഖ എ നായർ. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്. ഈ വർഷം 100 രോഗികൾക്ക് സൗകര്യം ലഭ്യമാകും. ഇതിന് 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും എൽഐസി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആർസിസിക്ക് നൽകിയിരുന്നു.


സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതൽ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങൾ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത്. ആഴവും ബുദ്ധിമുട്ടുമുള്ള ഇടങ്ങളിലെ ശസ്ത്രക്രിയ കൂടുതൽ വിജയകരമായി ചെയ്യാനാകും. ഓപ്പൺ സർജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയിൽ കഴിയേണ്ടസമയം കുറയും. കൂടാതെ ചെറിയ മുറിവായതിനാൽ അണുബാധസാധ്യത കുറവാണ്.


ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കുമെന്നതാണ് റോബോട്ടിക് സർജറിയുടെ പ്രത്യേകത. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തിയതും ആർസിസിയിലാണെന്ന് ഡയറക്ടർ അറിയിച്ചു. 150ൽ അധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇതിനോടകം ആർസിസിയിൽ നടത്തിയിട്ടുണ്ട്.


Post a Comment

Thanks

أحدث أقدم
Moonniyur Vartha