ഫോൺപേയും ഗൂഗിൾപേയും ഇനി സൗജന്യമാകില്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് സൂചനനൽകി ആർ ബി ഐ


ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.


യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേ മാസം 13.88 ബില്യണ്‍ ഇടപാടുകളായിരുന്നു നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്തവണ. യുപിഐ സൗജന്യ മാതൃകയില്‍ മാറ്റംവന്നേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് മല്‍ഹോത്രയുടെ ഈ പരാമര്‍ശങ്ങള്‍. യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പെയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് (പിഎ) പ്രോസസിങ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha