‘പണമെല്ലാം സഹോദരന് കൊടുക്കുന്നു’: പേരാമ്പ്രയിൽ അമ്മയെ കൊന്ന മകൻ അറസ്റ്റിൽ; കാൽമുട്ടു കൊണ്ട് അടിവയറ്റിൽ തൊഴിച്ചു, വാരിയെല്ല് ഒടിച്ചു


 കോഴിക്കോട്  പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.


വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു. 


തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


Post a Comment

Thanks

Previous Post Next Post