പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമനും പിടിയിൽ


കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമനും പിടിയിലായി. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കില്‍ വീട്ടില്‍ ടിഎച്ച് ഹാരിസിനെയാണ് കോഴിക്കോട് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.


നല്ലളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഡേണ്‍ ബസാറിന് സമീപം കാടുമൂടിയ സ്ഥലം വെട്ടിത്തളിക്കാനെന്ന വ്യാജേനയാണ് പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലി, അബ്ദുല്‍ കരീം മൊണ്ടാലു എന്നിവരെ പ്രതികള്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവരുടേതാണെന്ന വ്യാജേന ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈല്‍ ഫോണും പണവും മാറ്റിവെച്ച് തൊഴിലാളികള്‍ ജോലി ആരംഭിച്ചതോടെ സംഘം ഇതുമായി കടന്നു കളയുകയായിരുന്നു. 11,500 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പില്‍ അന്‍വര്‍(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോന്‍(46) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഈ കവര്‍ച്ചക്ക് ശേഷം കാറില്‍ മടങ്ങിയ സംഘം കാടാമ്പുഴ സ്റ്റേഷന്‍ പരിധിയിലും തട്ടിപ്പ് നടത്തി മൊബൈല്‍ ഫോണും 5000 രൂപയും മോഷ്ടിച്ചിരുന്നു. 

Post a Comment

Thanks

Previous Post Next Post