തെങ്ങിനെക്കാൾ ഉയരത്തിൽ വെളിച്ചെണ്ണ വില; അവസരം മുതലെടുത്ത് വ്യാജന്മാർ..!!


തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വകാല റെക്കോർഡിലെത്തിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയിൽ വ്യാപകമാകുന്നു. വില വർധനവ് മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെ വൻതോതിൽ നിലവാരം കുറഞ്ഞ വ്യാജ ഉൽപ്പന്നങ്ങൾ കേരള വിപണിയിലേക്ക് എത്തുന്നുണ്ടെന്ന് വ്യാപാരികൾ. എന്നാൽ, ഇതിനെതിരെ ഫലപ്രദമായ പരിശോധനയോ നടപടിയോ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.


കഴിഞ്ഞ വർഷം ഇതേ സമയത്ത് പച്ചത്തേങ്ങക്ക് കിലോക്ക് 30 രൂപയും വെളിച്ചെണ്ണക്ക് ലിറ്ററിന് 200 രൂപയുമായിരുന്നു വില. എന്നാൽ, നിലവിൽ നാളികേരത്തിന് കിലോക്ക് ഏകദേശം (70) രൂപക്ക് മുകളിലും വെളിച്ചെണ്ണക്ക് 500 രൂപക്ക് മുകളിലുമാണ് വില. കൊപ്രയുടെ വില 280 രൂപയായതിനാൽ, യഥാർത്ഥ വെളിച്ചെണ്ണ 500 രൂപയിൽ താഴെ വിൽക്കാൻ സാധിക്കില്ല.


എന്നിട്ടും വിപണിയിൽ 290 മുതൽ 340 രൂപ വരെ വിലയുള്ള വെളിച്ചെണ്ണ പാക്കറ്റുകൾ സുലഭമായി ലഭിക്കുന്നുണ്ട്. ഇത് വ്യാജ വെളിച്ചെണ്ണയുടെ പെരുപ്പം വ്യക്തമാക്കുന്നു. മില്ലുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന ശുദ്ധമായ വെളിച്ചെണ്ണക്ക് പോലും 450 രൂപക്ക് മുകളിലാണ് വില.


വ്യാജന്മാർ വിപണി കീഴടക്കിയതോടെ ഉപഭോക്താക്കൾ മറ്റ് ഭക്ഷ്യഎണ്ണകളിലേക്ക് മാറാൻ നിർബന്ധിതരാവുകയാണ്. പാമോലിൻ, സൺഫ്ലവർ ഓയിൽ തുടങ്ങിയവ കൂടുതൽ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.


സർക്കാർ ബ്രാൻഡായ കേരഫെഡിന്റെ പേരുപയോഗിച്ച് പോലും അമ്പതോളം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത അളവിൽ മായം ചേർക്കുന്നതിനാൽ സാധാരണ പരിശോധനകളിൽ ഇവയെ കണ്ടെത്താൻ പ്രയാസമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ പേരിന് മാത്രമാണെന്നും, ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്.


വീട്ടിൽ വെളിച്ചെണ്ണയുടെ ഗുണനിലവാരം ലളിതമായ രീതിയിൽ പരിശോധിക്കാൻ സാധിക്കും. ശുദ്ധമായ വെളിച്ചെണ്ണ തണുപ്പുള്ള സ്ഥലങ്ങളിൽ വെക്കുമ്പോൾ കട്ടിയാകും. അല്ലാത്തവയിൽ മായം കലർന്നിട്ടുണ്ടോ എന്ന് സംശയിക്കാം. ഇത് ഒരു പ്രാഥമിക പരിശോധന മാത്രമാണ്, പൂർണ്ണമായും വിശ്വസിക്കാനാവില്ല.

Post a Comment

Thanks

أحدث أقدم
Moonniyur Vartha