സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള 'റിവാഡ്' തട്ടിപ്പ് സന്ദേശം വീണ്ടും വൈറലായിരിക്കുകയാണ്. ബാങ്കിന്റെ വാല്യു കസ്റ്റമറായ നിങ്ങൾക്ക് നല്ലൊരു തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നാണ് സന്ദേശത്തിലുണ്ടാവുക. ഈ സമ്മാനത്തുക പെട്ടെന്നുതന്നെ സ്വന്തമാക്കണമെന്നും അല്ലാത്തപക്ഷം കാലഹരണപ്പെട്ടുപോകുമെന്ന മുന്നറിയിപ്പും ഇതിലുണ്ടാകും. ഇതിനായി മെസ്സേജിനൊപ്പമുള്ള എസ്ബിഐ എപികെ ഇൻസ്റ്റോൾ ചെയ്യാനാണ് സന്ദേശത്തിൽ നിർദേശിക്കുന്നത്.
ചിലർക്ക് ലഭിക്കുന്ന സന്ദേശത്തിൽ അയ്യായിരം രൂപയാണ് പാരിതോഷികമെങ്കിൽ മറ്റ് ചിലതിൽ ഇരട്ടിയിലധികം തുകയാണ്. പ്രചരിക്കുന്ന സന്ദേശങ്ങളിൽ അവകാശപ്പെടുന്നതുപോലെ ബാങ്ക് പണം സമ്മാനമായി നൽകുന്നില്ല. എസ്ബിഐ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടക്കുന്നൊരു തട്ടിപ്പാണിത്.
സമ്മാനത്തുക സ്വന്തമാക്കാൻ എസ്ബിഐയുടെ പേരിൽ വന്ന 'എപികെ' ഫയൽ ഫോണിൽ ഇൻസ്റ്റോൾ ചെയ്യാനാണ് സന്ദേശത്തിൽ നിർദേശിക്കുന്നത്. ആൻഡ്രോയിഡ് ഡിവൈസുകളിൽ ആപ്പുകൾ എത്തിക്കാനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് ആൻഡ്രോയിഡ് പാക്കേജ് കിറ്റ് ഫയൽ എന്ന എപികെ. ഇതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ആകുന്നത് നിങ്ങളുടെ ഡിവൈസിൽനിന്നു നിർണായക വിവരങ്ങൾ ചോർത്തുന്ന ഒരു ആപ്പ് ആയിരിക്കും. ആയതിനാൽ സന്ദേശത്തിനൊപ്പം ലഭിക്കുന്ന എപികെ ഫയലിൽ ക്ലിക്ക് ചെയ്യരുത്.
റിവാർഡുകൾ റിഡീം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരിക്കലും എപികെ ഫയലുകൾ വാട്‌സ്ആപ്പ്, എസ്എംഎസ് സന്ദേശങ്ങളായി അയക്കില്ല. എസ്ബിഐ കാർഡ് പോയിന്റുകളും അത് റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കായി ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
إرسال تعليق
Thanks