ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്?


മലപ്പുറം അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയിൽ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പൊതുവിൽ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.


തിരൂരങ്ങാടി നഗരസഭയിൽ, ടൗണിൽനിന്ന് നാലുകിലോമീറ്ററോളം മാറിയാണ് നിസാറിന്റെ വീട്. എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപാണ് വീടുവിട്ടു പോയത്.


പോകുന്നതിനുമുൻപ് നാട്ടിൽ പെയിന്റിങ് ജോലി ചെയ്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും മാറിമാറി ജോലിചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തികപ്രശ്‌നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഉള്ളതായി അയൽവാസികൾക്കും ബന്ധുക്കൾക്കും അറിവില്ല.


മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്ന ആളല്ലെന്നും അയൽവാസികൾ പറയുന്നു. ഇദ്ദേഹം കുറച്ചുനാളുകളായി വിവാഹത്തിനു ശ്രമിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.


സാധാരണ കുടുംബത്തിലെ അംഗമായ നിസാർ എന്തിനാണ് പകൽവെളിച്ചത്തിൽ എല്ലാവരേയും സാക്ഷിയാക്കി ഇങ്ങനെയൊരു ദുരന്തത്തിലേക്ക് സ്വയം കയറിച്ചെന്നതെന്ന ഉത്തരമില്ലാ ചോദ്യത്തിനുമുൻപിൽ പകച്ചുനിൽക്കുകയാണ് നാട്ടുകാരും ബന്ധുമിത്രാദികളും.


ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ റെയില്‍പ്പാളത്തില്‍നിന്ന് താഴേക്കുചാടിയ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കെഎംആര്‍എല്‍ ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തിലായിരിക്കും അന്വേഷണം.  തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശ്ശേരി നിസാര്‍ (32) ആണ് മരിച്ചത്. 

Post a Comment

Thanks

Previous Post Next Post