കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് സംസ്ഥാനത്ത് ഓട്ടോമേറ്റഡ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിധത്തിലാണ് സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുമ്പോഴുണ്ടാകുന്ന കാലതാമസം ഇതോടെ ഇല്ലാതാകും.
ടാക്സി വാഹനങ്ങൾ രണ്ട് വർഷം കൂടുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കണം. എട്ട് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും ഇത് നിർബന്ധമാണ്. മോട്ടോർ വാഹനവകുപ്പ് ഓഫീസർമാർ നേരിട്ടെത്തി പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുന്നതാണ് നിലവിലെ രീതി. പുക, എൻജിൻ, ബോഡി തുടങ്ങി ഓരോ ഭാഗവും പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും.
ടെസ്റ്റിങ് ഗ്രൗണ്ടിൽ മിക്കദിവസങ്ങളിലും രൂപപ്പെടുന്ന വാഹനങ്ങളുടെ വലിയ നിര ഓട്ടോമേറ്റഡ് സംവിധാനം വരുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് മോട്ടോർവാഹന വകുപ്പ് ആലോചിക്കുന്നത്. ഓരോ കേന്ദ്രത്തിലും നിരവധി സ്റ്റോപ്പിങ് പോയിന്റുകളുണ്ടാകും.
ഓരോയിടത്തും വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ കാര്യക്ഷമമെന്ന് പരിശോധിച്ചുറപ്പിക്കും. സർവീസിന് യോഗ്യമായ വാഹനങ്ങൾ പരിശോധനാ സംവിധാനത്തിലൂടെ സഞ്ചരിച്ച് പുറത്തിറങ്ങുമ്പോഴേക്കും പാസ് സർട്ടിഫിക്കറ്റ് തയ്യാറായിരിക്കും. അല്ലാത്തവക്ക് ടെസ്‌റ്റിൽ പരാജയപ്പെട്ടെന്ന സർട്ടിഫിക്കറ്റും ലഭിക്കും.
ഓട്ടോമാറ്റിക് ഫിറ്റ്നസ് കേന്ദ്രങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി ട്രാൻസ്പോർട്ട് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. സാമ്പത്തികാനുമതികൂടി ലഭ്യമായാൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق
Thanks