80-കാരിക്ക് വൈദ്യുതി കണക്ഷൻ 10 വർഷമായി നിഷേധിക്കുന്നു; പ്രതിഷേധവുമായി യൂത്ത് ലീഗ്


തിരൂരങ്ങാടി - പത്ത് വർഷത്തിലേറെയായി വൈദ്യുതി കണക്ഷന് വേണ്ടി കെ.എസ്.ഇ.ബി. ഓഫീസുകൾ കയറിയിറങ്ങുന്ന 80 വയസ്സുകാരിയായ വാളക്കുളം പാറമ്മൽ പെരുവൻ കുഴിയിൽ പാത്തുമ്മുവിന്റെ വീടിന് അടിയന്തിരമായി വൈദ്യുതി കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം സമർപ്പിച്ചു. വെന്നിയൂർ കെ.എസ്.ഇ.ബി. ഡിവിഷൻ ഓഫീസിൽ മണ്ഡലം പ്രസിഡന്റ് യു.എ. റസാഖാണ് നിവേദനം നൽകിയത്.


2015-ൽ നിർമിച്ച വീട്ടിൽ വൈദ്യുതി കണക്ഷന് വേണ്ടി പാത്തുമ്മു അപേക്ഷിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കണക്ഷൻ ലഭിക്കാതെ വന്നപ്പോൾ, മകൻ സലാമിനെതിരെ വൈദ്യുതി മോഷണത്തിന് കേസുള്ളതിനാൽ കണക്ഷൻ നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. എന്നാൽ, മകൻ വൈദ്യുതി മോഷണം നടത്തിയിട്ടില്ലെന്നും, പറമ്പിലൂടെ കടന്നുപോകുന്ന ലൈൻ പൊട്ടിവീണത് ശരിയാക്കാൻ എത്തിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്റെ കൈക്കൂലി ആവശ്യം ചോദ്യം ചെയ്തതിന്റെ പ്രതികാരമായി മകനെ കേസിൽ കുടുക്കിയതാണെന്നും പാത്തുമ്മു ആരോപിക്കുന്നു. 


മകനെതിരായ കേസിൽ 2020 ഫെബ്രുവരി 2-ന് കോടതി അനുകൂല വിധി പ്രസ്താവിച്ച് കണക്ഷൻ നൽകാൻ ഉത്തരവിട്ടെങ്കിലും, അഞ്ച് വർഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് പാത്തുമ്മു നിറകണ്ണുകളോടെ പറഞ്ഞു. കെ.എസ്.ഇ.ബി. വെന്നിയൂർ ഓഫീസിലെ ഉദ്യോഗസ്ഥർ, മകന്റെ പരാതിയോടുള്ള വൈരാഗ്യം കാരണം ഈ കുടുംബത്തോട് പകപോക്കലാണ് നടത്തുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.


വീടിനോട് ചേർന്ന് കടന്നുപോകുന്ന വൈദ്യുതി ലൈൻ അപകടകരമാം വിധം താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് പോലും കൈയെത്തി പിടിക്കാവുന്ന ഈ ലൈൻ ഏത് നിമിഷവും അപകടമുണ്ടാക്കാമെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഈ വിഷയവും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.


നിവേദന സമർപ്പണ വേളയിൽ മണ്ഡലം ഭാരവാഹികളായ റിയാസ് തോട്ടുങ്ങൽ, സി.കെ. മുനീർ, പി.കെ. സൽമാൻ, ബാപ്പുട്ടി ചെമ്മാട് എന്നിവരും സന്നിഹിതരായിരുന്നു. "പ്രായമായ ഈ ഉമ്മയുടെ വീടിന് അടിയന്തിരമായി വൈദ്യുതി കണക്ഷൻ നൽകണം. അല്ലാത്തപക്ഷം, ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകും," ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha