സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തു; 50കാരനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് പതിനേഴുകാരി


പതിനേഴുകാരിയുമായി സൗഹൃദത്തിലായിരുന്ന 50കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഴീക്കോട് സ്വദേശി റഹീമിനാണ് മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു സംഭവം. വിതുര സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുമായി ഇയാൾ സൗഹൃദത്തിലായിരുന്നുവെന്നാണ് നേരത്തെ വന്ന വിവരം.

പെൺകുട്ടിയെ വീട്ടുകാർ സൗഹൃദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാലിത് അനുസരിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ റഹീമിന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ വച്ചാണ് റഹീം മർദ്ദനത്തിനിരയായത്. തുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് റഹീമിനെതിരെ ക്വട്ടേഷൻ കൊടുത്തതെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവദിവസം രാത്രി തന്നെ തിരുവല്ല പൊലീസ് വിതുരയിൽ എത്തി പെൺകുട്ടിയെയും ഒരു ബന്ധുവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ കുറേ നാളായി റഹീമുമായി സൗഹൃദത്തിലായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. സിനിമയിൽ പിആർഒ ആയിരുന്ന റഹീം അഭിനയിക്കാൻ അവസരം വാങ്ങി തരാമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്യുകയായിരുന്നു. അഭിനയിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും നിരന്തരം വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തു. ശല്യം സഹിക്കാൻ വയ്യാതെയാണ് ക്വട്ടേഷൻ നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി.പിന്നാലെ തന്നെ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post