എടവണ്ണ: ജനങ്ങൾക്ക് ലഭിക്കേണ്ട ആധാർ കാർഡുകളും, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള അറിയിപ്പുകളും, മറ്റ് പ്രധാന കത്തുകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. എടവണ്ണ തിരുവാലി പഞ്ചായത്തിലാണ് സംഭവം. തപാൽ വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയിൽ വൻ പ്രതിഷേധം.
അമ്പലപ്പടി സ്വദേശിയായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ആദ്യം ഈ നിർണായക രേഖകൾ കണ്ടെത്തിയത്. വീടിന്റെ പിന്നിലുള്ള കൃഷിയിടത്തിൽ എത്തിയപ്പോൾ സമീപത്തെ ചേണായി തോട്ടിലൂടെ ഒരു കെട്ട് രേഖകൾ ഒഴുകി വരുന്നതായി ഇദ്ദേഹം ശ്രദ്ധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യേണ്ട അതീവ പ്രാധാന്യമുള്ള തപാൽ ഉരുപ്പടികളാണ് ഇതെന്നും അവയിൽ ആധാർ കാർഡുകൾ, വിവിധ സർക്കാർ അറിയിപ്പുകൾ, സ്വകാര്യ കത്തുകൾ, മാസികകൾ എന്നിവയെല്ലാമുണ്ടെന്നും മനസ്സിലായത്.
വെള്ളം നനഞ്ഞ നിലയിലായിരുന്ന ഈ രേഖകൾ ഇയാൾ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഉണക്കി സൂക്ഷിച്ചിരിക്കുകയാണ്. മേൽവിലാസക്കാരിലേക്ക് നേരിട്ട് എത്തേണ്ടിയിരുന്ന ഈ രേഖകൾ എങ്ങനെ തോട്ടിലെത്തി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ.
إرسال تعليق
Thanks