കോഴിക്കോട് | തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക സംബന്ധിച്ചു വ്യാപക പരാതി. അശാസ്ത്രീയമായ വാർഡ് വിഭജനവും പഴയ കെട്ടിട നമ്പറുകൾ മാറ്റാതെ ഉപയോഗിച്ചതും കാരണം സ്വന്തം വാർഡിൽനിന്നും പല വോട്ടർമാരും അപ്രത്യക്ഷരായി.
തൊട്ടടുത്തുള്ള വീടുകൾ പോലും പട്ടികയിൽ പല വാർഡുകളിലായി ചിതറി. ഓരോ വാർഡിലും ശരാശരി നൂറിനു മുകളിൽ വോട്ടുകൾ മാറിയിട്ടുണ്ടെന്നാണു പരാതി. പരാതി പരിഹാരത്തിന് 15 ദിവസം മാത്രം ഉള്ളതിനാൽ ഒട്ടേറെപ്പേരുടെ വോട്ട് തള്ളിപ്പോകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കൂട്ടത്തോടെ വോട്ടർമാരുടെ വാർഡ് മാറ്റിയതിനു പിന്നിൽ രാഷ്ട്രീയമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ ജയസാധ്യത ഒഴിവാക്കാൻ നേരത്തെ വാർഡ് വിഭജന പട്ടിക തയാറാക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥർ മുഖേന വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയതായാണ് ആരോപണം. ഭൂമിശാസ്ത്രപരമായ അതിരുകൾ പാലിക്കാതെ പട്ടിക തയാറാക്കിയതാണു തിരിച്ചടിയായത്. കെട്ടിട നമ്പർ അടിസ്ഥാനമാക്കിയപ്പോൾ പഴയ കെട്ടിട നമ്പറും പുതിയ കെട്ടിട നമ്പറും ആശയക്കുഴപ്പമുണ്ടാക്കി. ഇതാണ് പല വോട്ടർമാരും സ്വന്തം വാർഡ് അല്ലാത്ത വാർഡിലേക്കു മാറിയത്. വോട്ടർമാരുടെ എണ്ണത്തിലും വലിയ അന്തരവുമുണ്ട്. ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡിൽ 280 വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു വാർഡിൽ 2703 വോട്ടർമാരാണ് ഉള്ളത്.
Post a Comment
Thanks