ദാറുൽ ഹുദ ക്കെതിരെ നീങ്ങുന്ന ചിദ്രശക്തികളെ കരുതിയിരിക്കുക.


തിരൂരങ്ങാടി : മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ൽ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുൽഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയിൽ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുൽഹുദായും ഹാദിയ സെൻട്രൽ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദുമാർ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയിൽ സമയോചിതമായി മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഇന്ത്യയിലെ മുസ്ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകൾ നൽകി സമസ്‌തയുടെ അഭിമാനമുയർത്തുന്ന സ്ഥാപനമാണ് ദാറുൽഹുദാ. കേരളത്തിന് പുറത്ത് 5 സംസ്ഥാനങ്ങളിൽ ഓഫ് കാമ്പസുകളും 17 സംസ്ഥാനങ്ങളിലായി 2800 ഗ്രാമങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി മുന്നോട്ട് പോകുന്നതോടൊപ്പം ദേശീയാടിസ്ഥാനത്തിൽ 'സമസ്ത‌'യുടെ ആദർശ പ്രചരണത്തിനായി SMF, SKSSF അടക്കമുള്ള സമസ്‌ത കീഴ്ഘടകങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ദാറുൽഹുദാ-ഹുദവി സംരംഭങ്ങളെ പിന്തുണക്കുന്നതിന് പകരം ചില ക്ഷുദ്രശക്തികൾ നിരന്തരമായി അവ തകർക്കാൻ ശ്രമിക്കുകയാണ്. അവർ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം. ദാറുൽഹുദാക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ സമൂഹം തിരിച്ചറിയണം. സംഘടനാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത്‌ സമൂഹത്തിൽ തെറ്റിദ്ധാരണകൾ പരത്തുകയും ഭിന്നിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നവർക്കെതിരെ ഉത്തരവാദപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമസ്‌തയുടെ ദേശീയ മുഖമായി ദാറുൽഹുദായും ഹാദിയയും തുടർന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഇനിയുമുണ്ടാകണമെന്നും 

ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ട്രഷറർ കെ.എം സൈതലവി ഹാജി, ഹാദിയ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, വൈസ് പ്രസിഡൻറുമാരായ ജാബിർ അലി ഹുദവി പടിഞ്ഞാറ്റുമുറി, മഅ്‌മൂൻ ഹുദവി വണ്ടൂർ, ജനറൽ സെക്രട്ടറി ഡോ. കെ.ടി ഹാരിസ് ഹുദവി, ട്രഷറർ ഷഫീഖ് ഹുദവി കണ്ണൂർ എന്നിവർ  സംയുക്ത പ്രസ്ഥാവനയിൽ  ആവശ്യപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha