ചരിത്രം കുറിച്ച ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യൻ സമയം മൂന്ന് മണിയോടെ കാലിഫോർണിയക്ക് അടുത്ത് സാൻഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗൺ. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയായി.
സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽനിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂർത്തിയാക്കിയത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്.
إرسال تعليق
Thanks