സമാനതകളില്ലാത്ത തിരച്ചില്‍, ഷിരൂരില്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്


കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് വൈകിട്ടോടെ പുഴയില്‍ നിന്ന് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചില്‍ നടത്തിയിരുന്നത്.

ഒടുവില്‍ സെപ്റ്റംബര്‍ 25ന് അര്‍ജുന്റെ ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ലഭിച്ചു. കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാര്‍, സോണര്‍ സിഗ്‌നല്‍ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

അര്‍ജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നതിനെത്തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എട്ടാം ദിവസമാണ് പുഴയിലേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ പല തവണ തിരച്ചില്‍ നിര്‍ത്തിവെച്ചു.


നേവി അടയാളപ്പെടുത്തി നല്‍കിയ 4 പോയിന്റുകളില്‍ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്. ഒരുപിടി സ്വപ്നങ്ങളുമായി ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങിപ്പോയ അര്‍ജുന്‍ 82 രാപകലുകള്‍ക്കിപ്പുറം സെപ്റ്റംബര്‍ 28ന് വീട്ടുവളപ്പില്‍ എരിഞ്ഞടങ്ങിയപ്പോള്‍ അനേകായിരങ്ങളാണ് വിടനല്‍കാന്‍ ഒഴുകിയെത്തിയത്.


 അർജുന്റെ ജീവിതം പുസ്തകമാകുന്നു 

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ആണ് പുസ്തകം രചിക്കുന്നത്. അർജുൻ്റെ ജീവിതവും മണ്ണിടിച്ചിലിന് ശേഷമുള്ള 71 ദിവസത്തെ തിരച്ചിലും ഉൾക്കൊള്ളിച്ചാണ് പുസ്തകം. പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുസ്തകം പുറത്തിറക്കുമെന്നും എകെഎം അഷ്റഫ് പറഞ്ഞു.


അർജുൻ്റെ കുടുംബം, കാർവാർ എം.എൽ.എ. സതീഷ് സെയിൽ, കർണാടക കളക്ടർ, ഈശ്വർ മാൽപെ തുടങ്ങിയവരിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചാണ് പുസ്തകം രചിക്കുന്നത്. അർജുൻ്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അഷ്റഫ് പറഞ്ഞു. അർജുനെ കണ്ടെത്താനായി തിരച്ചിൽ നടത്തുമ്പോൾ നടത്തുമ്പോൾ എംഎൽഎ എകെഎം അഷ്റഫും ഷിരൂരിൽ ഉണ്ടായിരുന്നു. ആ അനുഭവമാണ് പുസ്തകം എഴുതാൻ പ്രചോദനമായത് എന്നും കുടുംബത്തിൻറെ പൂർണ്ണപിന്തുണയോടെയാണ് രചന എന്നും അഷ്റഫ് പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുക.

Post a Comment

Thanks

أحدث أقدم
Moonniyur Vartha