വള്ളിക്കുന്ന്: കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽഫോണും കാറും കവർന്ന സംഘത്തിലെ പ്രധാനികളിൽ ഒരാൾകൂടി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ മുതിയംബീച്ചിലെ കിഴക്കിന്റെപുരയ്ക്കൽ ഉമ്മർ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റു ചെയ്തത്. മൂന്നുമാസം മുൻപ് ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തു വെച്ചാണ് കേസിനാസ്‌പദമായ സംഭവം.
രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂർ ഒട്ടുംപുറം സ്വദേശിയായ സമീർ എന്ന യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്ബോൾപോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയും കാറും പണമടങ്ങുന്ന പേഴ്‌സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേസിൽ ഉൾപ്പെട്ട മൂന്നുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങി ഗുരുതരമായ 10-ഓളം കേസിൽ പോലീസ് തേടുന്ന കൊടുംക്രിമിനലാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ കാപ്പ ചുമത്തിയതോടെ ഇയാൾ കോടതിയിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റു ചെയ്‌ത ഇയാളെ റിമാൻഡ് ചെയ്‌തു. അടുത്ത ദിവസംതന്നെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
Post a Comment
Thanks