കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുതേ!; 17 തരം മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം, പട്ടിക പുറത്തുവിട്ട് കേന്ദ്രം



  ന്യൂഡല്‍ഹി : മറ്റു മാലിന്യങ്ങള്‍ക്കൊപ്പം കാലാവധി കഴിഞ്ഞ മരുന്നുകളും അലക്ഷ്യമായി വലിച്ചെറിയുന്നത് ചിലരുടെ രീതിയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ). ചില മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷമാണെന്ന് സിഡിഎസ്‌സിഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.


ട്രമാഡോള്‍ ഉള്‍പ്പെടെ 17 തരം മരുന്നുകള്‍ കാലാവധി കഴിഞ്ഞാല്‍ മാലിന്യക്കൂമ്പാരത്തിലോ പൊതുഇടങ്ങളിലോ വലിച്ചെറിയരുതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകള്‍ ശുചിമുറിയിലോ വാഷ്‌ബേസിനിലോ ഇട്ടു സംസ്‌കരിക്കണമെന്നാണ് നിര്‍ദേശം. ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, ഡയാസെപാം, ബ്യൂപ്രെനോര്‍ഫിന്‍, ബ്യൂപ്രെനോര്‍ഫിന്‍ ഹൈഡ്രോക്ലോറൈഡ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോകോഡോണ്‍ ബിറ്റാര്‍ട്രേറ്റ്, ടാപെന്റഡോള്‍, ഓക്‌സികോഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍, ഓക്‌സിമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, സോഡിയം ഓക്‌സിബേറ്റ്, ട്രാമഡോള്‍, മെഥില്‍ഫെനിഡേറ്റ്, മെപെരിഡിന്‍ ഹൈഡ്രോക്ലോറൈഡ് എന്നി മരുന്നുകള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇവ നാഡി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയുന്നതിനും മറ്റുമാണ് കഴിക്കുന്നത്.


മരുന്നുകളുടെ തെറ്റായ ഉപയോഗം മണ്ണിനെയും വെള്ളത്തെയും മലിനമാക്കും. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമാകും. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ തെറ്റായി വലിച്ചെറിയുന്നത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിപ്പിക്കും. വീട്ടു മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയുമ്പോള്‍, കുട്ടികളോ മണ്ണില്‍ പണിയെടുക്കുന്നവരോ ഈ മരുന്നുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാം. അലക്ഷ്യമായി വലിച്ചെറിയുന്ന കാലാവധി കഴിഞ്ഞ മരുന്നുകള്‍ പുനര്‍വില്‍പ്പനയ്ക്കോ ദുരുപയോഗത്തിനോ വേണ്ടി വിപണികളിലേക്ക് മടങ്ങിയെത്താനുള്ള അപകട സാധ്യതയും നിലനില്‍ക്കുന്നതായും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മിക്ക മരുന്നുകളും അവയുടെ കാലാവധി കഴിഞ്ഞാല്‍ ഫലപ്രദമല്ലാതാകും. എന്നാല്‍ ചിലത് പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha