കെഎസ്ഇബി ടൈം ഓഫ് ഡേ (TOD) ബില്ലിങ് സംവിധാനം നടപ്പാക്കിയതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായിരുന്നു. രാത്രി കരണ്ട് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ബില്ല് കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ അടങ്ങിയ നിരവധി സ്ക്രീന്‍ ഷോട്ടുകള്‍ വാട്സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ മൂന്ന് ഇരട്ടി ചാര്‍ജ് കൊടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വ്യാജമാണെന്നും, അതില്‍ വഞ്ചിതരാവരുതെന്നും ചൂണ്ടിക്കാണിച്ച് കെഎസ്ഇബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോ വാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യവസായിക ഉപഭോക്താക്കള്‍ക്കും, പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാണ് നിലവില്‍ TOD പ്രകാരമുള്ള ചാര്‍ജിങ് നടപ്പാക്കിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിമാസം 250 യൂണിറ്റില്‍ കൂടുതലുള്ളവര്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ, വൈകീട്ട് 6 മുതല്‍ രാത്രി 10, രാത്രി പത്ത് മുതല്‍ രാവിലെ 6 എന്നിങ്ങനെ തിരിച്ചാണ് ചാര്‍ജ് ഇടുന്നത്.
കെഎസ്ഇബി നിര്‍ദേശം:
എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ആണ് നിലവില്‍ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത് .
ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യുന്നത്.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബില്‍ ചെയ്യുക.
T 1 - രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂര്‍ സമയത്ത് താരിഫ് നിരക്കിനെക്കാള്‍ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.
T2 - വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ 4 മണിക്കൂര്‍ സമയം താരിഫ് നിരക്കിനെക്കാള്‍ 25% കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.
T3 - രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള 8 മണിക്കൂര്‍ സമയത്ത് അതത് താരിഫ് നിരക്കില്‍ത്തന്നെ വൈദ്യുതി ഉപയോഗിക്കാം..
ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടര്‍ ഹീറ്റര്‍, മിക്സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ ഉപയോഗം പകല്‍ സമയത്തേക്ക് മാറ്റിയാല്‍ 35% വരെ പണം ലാഭിക്കാന്‍ കഴിയുമെന്ന് സാരം..
മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി അറിയിച്ചു..
Post a Comment
Thanks