വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയെ വേങ്ങര പോലീസ് കക്കാട്‌നിന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി, മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ @ നൗഫൽ ഷെയ്ഖ് @ ഖത്തർ ഷെയ്ഖ് (39) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 23-ന് അർധരാത്രി വേങ്ങര ഇല്ലിപ്പിലാക്കലിലെ ജംഷാദിന്റെ ആളില്ലാത്ത വീട്ടിൽ കയറി പണവും ആഡംബര വാച്ചും മോഷ്ടിച്ചതാണ് പ്രധാന കേസ്. മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘം കക്കാട്ട് വെച്ച് പ്രതിയെ പിടികൂടി.
കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട, പെരിന്തൽമണ്ണ, താനൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞ പ്രതി, കഴിഞ്ഞ മാസം 15-ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. ചോദ്യം ചെയ്യലിൽ, വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നിവിടങ്ങളിലെ വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതായി നൗഫൽ കുറ്റസമ്മതം നടത്തി.
പശ്ചിമ ബംഗാളിൽനിന്ന് വിവാഹം കഴിച്ച് അവിടെ താമസമാക്കിയ പ്രതി, കേരളത്തിൽ എത്തി മോഷണം നടത്തുകയും ലഭിച്ച പണവും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും ബംഗാളിൽ വിറ്റ് ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. ബംഗാളിൽ ‘ഖത്തർ ഷെയ്ഖ്’ എന്ന പേര് ഉപയോഗിച്ച് സ്വർണ ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച്, മോഷണത്തിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം രോഗികൾക്ക് ദാനം ചെയ്ത് വിശ്വാസ്യത നേടുകയായിരുന്നു.
മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, വേങ്ങര പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, സബ് ഇൻസ്പെക്ടർ അനിൽ, എസ്‌സിപിഒ ഷബീർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, ബിജു വി.പി., ജസീർ കെ.കെ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
إرسال تعليق
Thanks