പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; ഫോറൻസിക് പരിശോധന പൂർത്തിയായി, രണ്ട് കുഞ്ഞുങ്ങളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി


തൃശൂർ : പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു. കേസിലെ രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. പരിശോധന പൂർത്തിയായെന്നും കുഞ്ഞുങ്ങളുടെ അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് പ്രയാസം. ഇക്കാര്യത്തിൽ വിദഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പോലീസ്.


ഇന്ന് രാവിലെയാണ് കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചത്. അനിതയുടെ വീടിന് സമീപം ഒരടി താഴ്ചയിലാണ് കുഴി കുഴിച്ച് പരിശോധിച്ചത്. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചെറിയ എല്ലിൻ കഷണങ്ങളാണ് കിട്ടിയത്. കൊലപാതകം നടന്ന എട്ട് മാസങ്ങൾക്കിപ്പുറമാണ് കുഴി തുറന്ന് ഒരു കുട്ടിയുടെ അസ്ഥി പുറത്തെടുക്കുന്നത്. കുഴിയിലെ മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചു. അനീഷ കാണിച്ചുകൊടുത്ത സ്ഥലത്താണ് കുഴി കുഴിച്ചതും അവശിഷ്ടങ്ങൾ കണ്ടെത്തിയതും. അവിടെ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന്‌ പോലീസ് സ്ഥിരീകരിച്ചു.


ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടന്നത്. ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. അനീഷയുമായി ഇന്നലെ പോലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.


നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറപുറം ലോകമറിയാൻ കാരണമായത് അനീഷയും ഭവിനും തമ്മിലുള്ള ബന്ധം തകർന്നതോടെയാണ്. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 2020-ല്‍ ഫെയ്സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയമാകുന്നത്. തുടർന്ന് 2021 നവംബരിൽ ആദ്യത്തെ കുഞ്ഞ് അനീഷയുടെ വീട്ടിൽ ഉണ്ടായി. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മരിച്ചുവെന്നാണ് യുവതി കാമുകനെ അറിയിച്ചത്. തുടർന്ന് അനീഷയുടെ വീട്ടിൽ തന്നെ മൃതദേഹം സംസ്കരിച്ചു. തുടർന്ന് ബന്ധം തുടർന്ന അനീഷ 2024 ഏപ്രില്‍ 29-ന് രണ്ടാമത്തെ കുഞ്ഞിനേയും പ്രസവിച്ചു. ഈ കുഞ്ഞും മരിച്ചുവെന്നും ഭവിനെ അറിയിച്ചു.


രണ്ട് കുഞ്ഞുങ്ങളുടെയും അസ്ഥി എട്ടുമാസത്തിനുശേഷം കർമ്മങ്ങൾ ചെയ്യാനായി പുറത്തെടുത്ത് ഭവിന് നൽകി. ഇതിനിടയിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ഭവിനു അനീഷയുടെ മേൽ സംശയം വർധിച്ചുവെന്ന് പോലീസ് പറഞ്ഞു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത് ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ വെച്ചായിരുന്നു. അസ്ഥികൾ പിന്നീട് ഇയാൾ എടുത്ത് സൂക്ഷിച്ചു. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഭീഷണിപ്പെടുത്താൻ ഇയാൾ ഇത് കൈവശം വെച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇത് വ്യക്തമാകും. ജനിച്ചയുടന്‍ കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചിരുന്നു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha