കൊച്ചി: യാർഡിൽ വലിയ ലോറിയിൽ നിന്നിറക്കുന്നതിനിടെ നാല് കോടി രൂപയോളം വിലയുള്ള പുത്തൻ റേഞ്ച് റോവറിൻ്റെ നിയന്ത്രണംവിട്ടു ജീവനക്കാരന് ദാരുണാന്ത്യം. കാറിനടിയിൽപ്പെട്ട് ആണ് ഷോറൂമിലെ ജീവനക്കാരൻ മരിച്ചത്. മട്ടാഞ്ചേരി സ്വദേശി റോഷൻ ആൻ്റണി സേവ്യറാണ് മരിച്ചത്. പാലാരിവട്ടം പൊലീസ് കാറോടിച്ച നൗഷാദിനെ പ്രതിയാക്കി കേസെടുത്തു. ബിഎൻഎസ് 106(1), 125, 125(a) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മനപ്പൂർവമല്ലാത്ത നരഹത്യ, ജീവന് അപകടത്തിലാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവർ യാർഡിൽ
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
രണ്ട് കൂറ്റൻ ലോറിയിലാണ് പുത്തൻ റെയ്ഞ്ച് റോവർ കാറുകളുടെ ലോഡെത്തിയത്. കാറുകൾ ലോറികളിൽ നിന്ന് യാർഡിലേക്ക് നീക്കം ചെയ്യാൻ പതിവുപോലെ യൂണിയൻകാരെ ചുമതലപ്പെടുത്തി. വേണ്ട നിർദേശങ്ങളും മറ്റും നൽകാൻ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആൻ്റണി സേവ്യറുമുണ്ടായിരുന്നുരണ്ട് യൂണിയൻകാരിൽ ഒരാളായ അൻഷാദ് ഡ്രൈവറായും രണ്ടാമൻ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു. ലോറിക്കുള്ളിൽ നിന്ന് റിവേഴ്സെടുത്ത് റെയിലിലൂടെ കാർ താഴെയ്ക്ക് ഇറക്കുന്നതിനിടെ അൻഷാദിന് കാറിൻ്റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുൻപ് തന്നെ നിമിഷം നേരംകൊണ്ട് കാർ ലോറിയിൽ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. പുറത്ത് റോഡിൽ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേർക്കാണ് കുതിച്ചെത്തിയത്.
റോഷന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
നിയന്ത്രണംവിട്ട കാർ യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിൽ ഇടിച്ച ശേഷം മുന്നോട്ടുകുതിച്ച് റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും ഇടിച്ച് തെറിപ്പിച്ചാണ് കാർ നിന്നത്. പുത്തൻ റെയ്ഞ്ച് റോവറിന്റെ മുൻവശവും പിൻവശവും തകർന്നു. ചില്ലുകളെല്ലാം തകർന്നടിഞ്ഞു. ടയറുകളും പൊട്ടി.
Post a Comment
Thanks