പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഗര്‍ഭഛിദ്രം ഇരട്ടിയായി വര്‍ധിച്ചുവെന്ന് ആരോഗ്യവകുപ്പ്


പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ഒപ്പം ഗർഭിണികള്‍ക്കിടയിലെ വിളർച്ചയും സിസേറിയനും വർധിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് 2023-24 വർഷത്തെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നത്. 


2014-15ല്‍ 3.43 ശതമാനമായിരുന്നു ഗർഭഛിദ്രമെങ്കില്‍ 2023-24ല്‍ 7.26 ശതമാനമായാണ് വർധിച്ചത്. സ്വാഭാവിക ഗർഭഛിദ്രത്തില്‍ നേരിയ കുറവുണ്ടായപ്പോള്‍ മരുന്നുവച്ചും ശസ്ത്രക്രിയ വഴിയും നടത്തുന്നവ പത്തു വർഷത്തിനിടെ 0.46 ശതമാനത്തില്‍ നിന്ന് 4.87 ശതമാനമായാണ് വർധിച്ചത്. സംസ്ഥാനത്ത് 2023-24ല്‍ 30,037 ഗർഭഛിദ്രങ്ങളുണ്ടായതില്‍ 21,282ഉം നടന്നത് സ്വകാര്യ ആശുപത്രികളിലാണ്. പ്രസവങ്ങള്‍ക്കായി കേരളീയർ കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.

കൊവിഡിന് ശേഷം രജിസ്റ്റർ ചെയ്ത ഗർഭിണികളുടെ എണ്ണം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. 2019-20ല്‍ 5.28 ലക്ഷം ഗർഭിണികള്‍ റിപ്പോർട്ട് ചെയ്തിരുന്നത് 2023-24ല്‍ 4.13 ലക്ഷം ആണ്. ഇതേ കാലയളവില്‍ 15 വയസിന് താഴെ പ്രായമുള്ള 15 പേരാണ് ഗർഭിണികളായത്. ഇതില്‍ അഞ്ചു പേർ തിരുവനന്തപുരത്തും നാലു പേർ വയനാട്ടിലുമാണ്. 



കൂടുതല്‍ പ്രസവം നടക്കുന്നത് 19നും 49നും ഇടയിലെ പ്രായത്തിലാണ് - 4,04,389. 15നും 19നും ഇടയില്‍ 9,298 പേർ പ്രസവിച്ചതായും പറയുന്നു. ഏറ്റവും കൂടുതല്‍ പ്രസവം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ 49 വയസിന് ശേഷം പ്രസവിച്ചവരാരുമില്ലെന്നാണ് കണക്ക്. 49ന് ശേഷം പ്രസവിച്ച 236 പേരില്‍ 60 പേർ പത്തനംതിട്ട ജില്ലയിലാണ്. 


2014-15ല്‍ 4.84 ലക്ഷം കുട്ടികള്‍ ജനിച്ചത് 2023-24ല്‍ 3.70 ലക്ഷമായിട്ടാണ് കുറഞ്ഞത്. ഇതേ കാലയളവില്‍ നടന്ന 3,69,942 പ്രസവങ്ങളില്‍ 2,59,874ഉം സ്വകാര്യ ആശുപത്രികളിലാണ്. 526 പ്രസവം വീടുകളിലായിരുന്നു. വീട്ടുപ്രസവത്തില്‍ 252 എണ്ണം മലപ്പുറം ജില്ലയിലാണ്. പത്തു വർഷം മുമ്ബ് 836 പ്രസവങ്ങള്‍ വീടുകളില്‍ നടന്നതായും റിപ്പോർട്ട് പറയുന്നു. സിസേറിയന്റെ എണ്ണത്തില്‍ വർധനവുണ്ടായെങ്കിലും ഇക്കാര്യത്തില്‍ സ്വകാര്യ - പൊതു ആശുപത്രികള്‍ക്കിടയിലെ അന്തരം ഇല്ലാതായി. പത്തുവർഷത്തിനിടയില്‍ മൂന്ന് ശതമാനം വർധനവാണ് സിസേറിയനില്‍ ഉണ്ടായത്.


ഗർഭിണികളില്‍ 27 ശതമാനത്തെയും വിളർച്ച രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മുൻകാലത്തേക്കാള്‍ കൂടുതലാണ്. കാലാവധി തികയും മുമ്ബേ പ്രസവിക്കുന്നതിലും ഭാരക്കുറവുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിലും വർധനവാണ് രേഖപ്പെടുത്തിയത്. ഗർഭിണികളിലെ വിളർച്ച പാലക്കാട് ജില്ലയില്‍ 45 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ 33ഉം കാസർക്കോട്ട് 32ഉമാണ്. കൊല്ലത്താണ് ഏറ്റവും കുറവ് - 14. കുടുംബാസൂത്രണത്തിന് സ്ഥിരംമാർഗം സ്വീകരിക്കുന്നതിലും വലിയ കുറവുണ്ടായി. രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയുമ്ബോഴും ചികിത്സാ ചെലവ് ഇവിടെ കൂടുന്നതായാണ് കണക്ക് പറയുന്നത്.

Post a Comment

Thanks

أحدث أقدم