ആദ്യ ഹജ് വിമാനം കരിപ്പൂരിലെത്തി: ഹാജിമാർക്ക് ഊഷ്മള സ്വീകരണം


പുണ്യകർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ ഹാജിമാർക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് പോയ തീർത്ഥാടകരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച വൈകിട്ട് 5.20-ന് കരിപ്പൂരിൽ ലാൻഡ് ചെയ്തു. 170 തീർത്ഥാടകരാണ് ഈ വിമാനത്തിൽ കോഴിക്കോടെത്തിയത്. 76 പുരുഷന്മാരും 94 സ്ത്രീകളും അടങ്ങുന്നതായിരുന്നു ഈ സംഘം.

കേരള സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹാജിമാർക്ക് സ്വീകരണം ഒരുക്കിയത്. കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹാജിമാരെ സ്വീകരിച്ചു. പി.ടി.എ. റഹീം എം.എൽ.എ സംസം വിതരണം ഉദ്ഘാടനം ചെയ്തു. തീർത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ഹാജിമാർക്ക് ലഗേജുകൾ സുഗമമായി കൈകാര്യം ചെയ്യാനും, ഓരോ തീർത്ഥാടകനും 5 ലിറ്റർ സംസം നൽകാനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു.

ഈ മാസം 26-ന് കോഴിക്കോട്ടേക്ക് ഒരു വിമാനം കൂടി എത്തുന്നുണ്ട്. രാവിലെ 9.25-നാണ് ഈ വിമാനം കരിപ്പൂരിൽ എത്തുക. കൊച്ചി എംബാർക്കേഷനിലെ ആദ്യ വിമാനം 26-ന് പുലർച്ചെ 12.30-നും കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ജൂൺ 30-ന് വൈകിട്ട് 5.05-നുമാണ് എത്തുന്നത്.

Post a Comment

Thanks

Previous Post Next Post