റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി


റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി. കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന് 20 വർഷമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനകം ഇരുപത് വർഷത്തോളം ജയിലിൽ കഴിഞ്ഞതിനാൽ ജയിൽ മോചനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ അപ്പീലിൽ കോടതിയുടെ നിലപാടനുസരിച്ചാകും തുടർ നടപടികളുണ്ടാവുക.


സൗദി പൗരന്റെ കൊലപാതക കേസിൽ മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിലാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. വധശിക്ഷ റദ്ദാക്കിയ കേസിൽ, മെയ് 26ന് റഹീമിന് കോടതി 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമത്തിനായിരുന്നു ഇത്. 


നിലവിൽ റഹീം 19 വർഷം പൂർത്തിയാക്കിയതിനാൽ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ പോയതോടെ നടപടികൾ പൂർത്തിയാകണം. ഈ അപ്പീൽ കോടതി തള്ളിയാൽ പ്രോസിക്യൂഷന് മേൽ കോടതിയേയും സമീപിക്കാം. 20 വർഷം തടവ് വിധിച്ച കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു എന്നാണ് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചത്. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽമോചനം നീളുകയുമായിരിക്കും ഫലം. അതുകൊണ്ട് തന്നെ തന്റെ ഭാഗത്ത് നിന്ന് അപ്പീൽ കൊടുക്കരുതെന്നാണ് അബ്ദുറഹീം എടുത്ത നിലപാടെന്നും സമിതി അറിയിച്ചു. ഇനിയുള്ള നിയമ നടപടികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങൾ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ പൂർത്തിയാക്കുമെന്നും സമിതി വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha