അഹമ്മദാബാദ് | രാജ്യത്തെ നടുക്കിയ വിമാന ദുരന്തമാണ് അഹമ്മദാബാദില്‍ വ്യാഴാഴ്ച ഉണ്ടായത്. വിമാനത്തിലുള്ളവരും വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിലുള്ളവരുമായി നൂറുകണക്കിന് പേരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടെ കണ്ണില്‍ ചോരയില്ലാത്ത ചില സംഭവങ്ങളും അഹമ്മദാബാദില്‍ അരങ്ങേറി.
വിമാനം തകര്‍ന്നു വീണ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോസ്റ്റലിലുണ്ടായിരുന്നവരുടെ പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് മോഷണം പോയത്. സന്നദ്ധപ്രവര്‍ത്തകരായി നടിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഹോസ്റ്റലിലെത്തിയ അധികൃതരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
സീറ്റ് നമ്പര്‍ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു. മുപ്പത്തെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നതിനാല്‍ ഒട്ടേറെ യുവ ഡോക്ടര്‍മാര്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഇവരില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
إرسال تعليق
Thanks