മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു കാണാതായ ആളെ ഇനിയും കണ്ടെത്താനായില്ല


  ഫറോക്ക് |   ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു ഒഴുക്കിൽപെട്ട ആളെ  കണ്ടെത്താനായില്ല. കൊളത്തറ ചാമപ്പറമ്പ് കിളിയനാട് അബ്ദുൽ സലാമിനെ(58)യാണു കാണാതായത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ കെ.മുഹമ്മദിനെ(64) നാട്ടുകാർ രക്ഷിച്ചു കരയ്ക്കെത്തിച്ചിരുന്നു.


അബ്ദുൽ സലാമിനായി അഗ്നിരക്ഷാസേന സ്കൂബ ടീമും നാട്ടുകാരും ഇന്നലെ രാത്രിയും ഇന്നും പുഴയിൽ തിരച്ചിൽ നടത്തി. 


ഇന്നലെ വൈകിട്ട് 5ന് കൊളത്തറ മാട്ടുമ്മൽ നിന്നു മീൻപിടിക്കാൻ പോയ ഇവർ സഞ്ചരിച്ച തോണി 6.30നാണു ശക്തമായ ഒഴുക്കിൽപെട്ടു മറിഞ്ഞത്. ഇരുവരും നീന്തിയെങ്കിലും മുഹമ്മദ് പുഴയിലുണ്ടായ തെങ്ങു കുറ്റിയിൽ പിടിച്ചു നിന്നു.


ബഹളം വച്ചതോടെ നാട്ടുകാർ തോണിയിൽ എത്തിയാണ് മുഹമ്മദിനെ കരയിലെത്തിച്ചത്. ഇതിനിടെ അബ്ദുൽ സലാം മുങ്ങിപ്പോകുകയായിരുന്നു. പുഴയിൽ തിരച്ചിൽ തുടങ്ങിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു.


മീഞ്ചന്തയിൽ നിന്നു അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാ സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും നാട്ടുകാരുമാണ് അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ചു തിരച്ചിൽ നടത്തുന്നത്.


നദിയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്കു പ്രതികൂലമാണ്. നല്ലളം ഇൻസ്പെക്ടർ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha