ലൈസൻസ് പുതുക്കാനാവുന്നില്ല ; വാഹന ഉടമകള്‍ വലയുന്നു


വിവിധ ആർ.ടി.ഒ ഓഫിസില്‍ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തവർ പുതുക്കാനാവാതെ വലയുന്നു.സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവാണ് കാരണം.സർക്കാർ മേഖലയില്‍ വിവരസാങ്കേതിക സേവനങ്ങള്‍ക്കും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാന സൗകര്യമൊരുക്കുന്ന നാഷനല്‍ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സോഫ്റ്റ്വെയറിലെ സാങ്കേതിക പിഴവ് മൂലം നിരവധി പേർക്ക് കൃത്യസമയത്ത് അപേക്ഷ നല്‍കിയിട്ടും ലൈസൻസ് പുതുക്കി ലഭിക്കുന്നില്ല.വ്യത്യസ്ത സമയങ്ങളിലായി വിവിധ ഓഫിസുകളില്‍ നിന്ന് ലൈസൻസ് എടുത്തവരുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് ഡി ഡ്യൂപ്ലിക്കേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.വ്യത്യസ്ത ഓഫിസുകളില്‍ നിന്ന് ലൈസൻസ് എടുത്തവരെ തിരിച്ചറിഞ്ഞ് അവർ പുതുക്കാനെത്തുമ്പോള്‍ ഒറ്റ ലൈസൻസ് നല്‍കാനായിരുന്നു നീക്കം.ചില ആർ.ടി.ഒ ഓഫിസുകളില്‍ ഭാഗികമായി നടക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ലൈസൻസ് പുതുക്കി നല്‍കാൻ കഴിയുന്നില്ല.

ലൈസൻസ് പുതുക്കി നല്‍കാൻ പറ്റുന്നില്ലെന്ന പരാതി മാസങ്ങള്‍ക്ക് മുൻപ് എൻ.ഐ.സിയില്‍ രജിസ്റ്റർ ചെയ്തിട്ടും പരിഹാരമായിട്ടില്ല. ലൈസൻസ് കാലാവധി തീർന്നാലും മുൻപ് 30 ദിവസം ഗ്രേസ് കാലാവധി നല്‍കിയിരുന്നു.ഇപ്പോള്‍ കാലാവധി തീർന്നാല്‍ വാഹനമോടിക്കാൻ കഴിയാത്ത അവസ്ഥയാണ്.തങ്ങളുടേതല്ലാത്ത വീഴ്ചക്ക് മാസങ്ങളായി വാഹനമോടിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ലൈസൻസ് ഉടമകള്‍.

ലൈസൻസ് എന്ന് നല്‍കാനാവുമെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നുമില്ല.സർക്കാർ മേഖലയിലെ ഡ്രൈവർമാരും ലൈസൻസ് പുതുക്കാൻ കഴിയാതെ ദുരിതത്തിലായിട്ടുണ്ട്. ജോലിയുടെ ഭാഗമായി വാഹനമോടിക്കാൻ കഴിയാത്തതിനാല്‍ മറ്റ് ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് ഇവർ.സർക്കാർതലത്തില്‍ അടിയന്തര നടപടികളില്ലെങ്കില്‍ ലൈസൻസ് ഉടമകള്‍ക്കും മോട്ടോർ വാഹന വകുപ്പിനും പ്രശ്നം സൃഷ്ടിക്കും.

Post a Comment

Thanks

Previous Post Next Post