പരപ്പനങ്ങാടി: ചിറമംഗലത്ത് വീട്ടിൽ വ്യാജ മദ്യനിർമ്മാണം പോലീസ് കണ്ടെത്തി. ചിറമംഗലം ബാഫഖി തങ്ങൾ റോഡിൽ മണി എന്നയാളുടെ വീട്ടിലാണ് 1000 ലിറ്ററോളം വാഷ്, 50 ഓളം ചെറിയ കുപ്പികളിൽ ആക്കിയ നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പരപ്പനങ്ങാടി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരും സംഘവും പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തി ഇവ പിടികൂടിയത്. പോലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരമറിഞ്ഞ വീട്ടുടമസ്ഥൻ മണി വീട്ടിൽ നിന്നും രക്ഷപ്പെട്ടു.
നിർമ്മാണത്തിൽ പങ്കുള്ള ഇയാളുടെ ഭാര്യ ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടു പരിസരത്തേക്ക് ആരും വരാതിരിക്കുന്നതിനായി കൂറ്റൻ നായകളെ ഇവർ വീട്ടിൽ വളർത്തിയിരുന്നു. നായകളെ ഓടിച്ചിട്ടാണ് പോലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തിയത്.
നിരവധി കന്നാസുകളിൽ ആക്കിയ അതിരൂക്ഷ ദുർഗന്ധമുള്ള വാഷാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
രാത്രി മൂന്നുമണിവരെ വിവിധ ഏജൻറ്മാർ മുഖേനയും നേരിട്ടും മദ്യം ഇവർ വില്പന നടത്തിയിരുന്നു.
വ്യാജ മദ്യനിർമ്മാണത്തിന് ഉപയോഗിച്ച ഗ്ലാസ് സിലിണ്ടറുകൾ, വയറുകൾ, പാത്രങ്ങൾ ,കന്നാസുകൾ, മറ്റു സാധനസാമഗ്രികൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്.എച്ച്.ഒ ക്ക് പുറമേ വനിതാ എ.എസ് .ഐ റീന, എസ്. ഐ ബാബുരാജൻ, എസ് . സി.പി .ഓ സതീഷ് കുമാർ ,പ്രജോഷ്, രമേശ് എന്നിവരാണ് പരിശോധന നടത്തിയത്.
Post a Comment
Thanks